16 ഡിസംബർ 2011

നാലാള് കൂടുന്നിടത്തൊക്കെ...

നാലാള് കൂടുന്നിടത്തൊക്കെ
ചെന്നു നില്‍ക്കുന്നു വെറുതേ
നാലാള് കൂടുന്നിടത്തൊക്കെ
ചേര്‍ന്നു നില്‍ക്കുന്നു

അമ്പലപ്പറമ്പില്‍ ആല്‍മരച്ചോട്ടില്‍
ധ്യാനകേന്ദ്രത്തിലും പള്ളിയങ്കണത്തിലും
ചിത്തരോഗികള്‍ പാര്‍ക്കുന്നിടങ്ങളില്‍
രാത്രിശലഭങ്ങള്‍ പാറുന്നിടങ്ങളില്‍
നാലാള് കൂടുന്നിടത്തൊക്കെ
വെറുതേ ചെന്നു നില്‍ക്കുന്നു

ബിയര്‍ പാര്‍ലറില്‍
ബീഫു വിക്കുന്നിടത്ത്
പുസ്തകച്ചന്തയില്‍
ചിത്രപ്രദര്‍ശന ശാലയില്‍
എന്തിന് !
തെരുവുജാഥയിലും സമരപ്പന്തലിലും
നാലാളു കൂടുന്നിടത്തൊക്കെ
എന്തോ മറന്ന് നില്‍ക്കുന്നു

നേരമേറെ വൈകി വീട്ടിലെത്തുന്നു
ഏറെ വൈകി ഉറങ്ങാന്‍ കിടക്കുന്നു
എപ്പോഴോ ഒന്ന് മയങ്ങിപ്പോവുന്നു
മയക്കത്തിലെപ്പഴോ,
അതീവമൃദുലം ഒരു കുഞ്ഞു വിരല്‍സ്പര്‍ശം
പാലുമ്മകള്‍ നിലാവിന്‍ ചിരി
പിച്ച വെക്കും പൂപാദങ്ങള്‍.

നേരം പുലരുന്നതറിയുന്നു
നേരം പുലരുന്നതറിയുന്നു

08 ഡിസംബർ 2011

ഞാന്‍/മനുഷ്യന്‍.

ഞാന്‍/മനുഷ്യന്‍.
.......................

കേട്ട കഥകള്‍
കേട്ട കള്ളങ്ങള്‍
മുറിച്ചു കടക്കാത്ത സമുദ്രങ്ങള്‍
കയറി നോക്കാത്ത പര്‍‌വ്വതങ്ങള്‍
കുഴിച്ചു നോക്കാത്ത ഉറവകള്‍.

പ്രകൃതി
...................

കവിതയില്‍ നിന്നും ഒരിക്കല്‍
നദികളും ജലാശയങ്ങളൂം ഒലിച്ചുപോകും.
മരങ്ങള്‍ കട പിഴുത് പറന്ന് പോകും
കാറ്റ് ചുഴികളായി ആകാശത്തേക്ക് മറയും
മരുഭൂമികളെ സമുദ്രം തിന്നു തീര്‍ക്കും.

ഉപമകളും ചമത്കാരങ്ങളും ഇല്ലാത്ത കവിതകള്‍
മനുഷ്യമനസിനെക്കുറിച്ചോര്‍ത്ത് ദുഖിച്ചു കൊണ്ടിരിക്കും.

ചരിത്രം.
..................

അനിശ്ചിതത്വങ്ങളുടെ
ചതുരംഗക്കളിയാണ് ചരിത്രം
ഒന്നുകൂടി കളിച്ചു നോക്കിയാല്‍
മറ്റൊരു കളിയായിപ്പോകാവുന്നവ.
അവിടെ
നേതാക്കന്മാരോ പടയാളികളോ ഇല്ല.
ഉള്ളത്
തൊട്ടു മുന്‍പുള്ള നീക്കത്താല്‍ നയിക്കപ്പെടുന്ന
ഒരുകൂട്ടം കരുക്കള്‍ മാത്രം.

സ്വര്‍ഗ്ഗം.
....................

ആരും കാണുവാനില്ലായെങ്കിലും
അനേക ഋതുക്കളായി
നിന്നിടത്തു നിന്നു തന്നെ നിന്ന്
തളിര്‍ക്കുകയും പൂക്കുകയും
സുഗന്ധം പരത്തുകയും ചെയ്യുന്ന
മരത്തിന്റെ ആത്മാവ്.

14 നവംബർ 2011

എഴുത്ത്

നിനക്കെഴുതാനിരിക്കുന്നു.
ഒറ്റ വാക്കുപോലും എഴുതാനാവാതെ എഴുന്നേല്‍ക്കുന്നു.
ഒന്നും പറയുവാനില്ല.
എന്റെ ജീവിതം എത്ര പരിമിതമാണ്.
ജീവിതം തന്നെയല്ലേ വാക്കുകള്‍..?

ഈ മുറി എത്ര ഇടുങ്ങിയത്
ഈ മുറി എത്ര ഇരുള്‍മൂടിയത്
വാക്കുകള്‍ മിന്നാമിനുങ്ങുകള്‍
അവ എന്നെ ഉപേക്ഷിച്ച് പോയ്കഴിഞ്ഞിരിക്കുന്നു.

നീ ഉറങ്ങിയിട്ടുണ്ടാവും
ജാലകം തുറന്നിട്ടിരിക്കുന്നുവോ...
നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?

ദൈവമിത്ര ക്രൂരനായതെന്ത്..?
എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?

09 നവംബർ 2011

കുടിയേറ്റക്കാരനായ ഒരു മിഡില്‍ ക്ലാസ് റബ്ബര്‍ മരം

ചെറു ചെടികളുടെ സൂര്യനെയപഹരിക്കും
ചെറുചില്ലകളിലെ കിളിക്കൂടുകളുടയ്ക്കും
ആര്‍ത്തിപെരുക്കും വേരുകളാല്‍
ആര്‍ദ്രതയാവോളം ഊറ്റിക്കുടിക്കും
അകക്കാമ്പില്ലാതെ തടിക്കും,തിമര്‍ക്കും.
എന്റെ മണ്ണേയെന്നു വിലപിക്കും
ചെറുചെടികളെ പരിഹസിക്കും.

മുകളിലേക്ക് മാത്രം നോക്കി ജീവിക്കും
ഋതുക്കളോട് വിരക്തി പൂണ്‍ടും
മഴയോടും കാറ്റിനോടും ശുണ്ഠിയെടുത്തും
പൂക്കളോടും കിളികളോടും കയര്‍ത്തും
ഒറ്റ ശ്രുതിയിലങ്ങനെ നില്‍ക്കും
അതു തന്നെ ജീവിതമെന്ന് ശഠിക്കും.

കൂട്ടരോട് മാത്രം കൂട്ട് കൂടും
ഒരേ അകലത്തില്‍ നിര്‍ത്തും
വലിച്ചാല്‍ വലിയും
വിട്ടാല്‍ ചുരുങ്ങും,ഭയക്കും
ഏത് വേഷവുമെടുത്തണിയും.
കാല്‍കീഴിലാവട്ടെ, കരിയിലക്കൂമ്പാരം
ഇണചേരുന്ന കറുത്ത തേരട്ടകള്‍,
ഇരുട്ടില്‍ ഓരിയിടും കുറക്കന്മാര്‍.
.
.
.
ഓര്‍ക്കുക മരമേ,
ഒടുവിലവര്‍ നിന്നെയും വെട്ടിവീഴ്തും
പ്രപഞ്ച നന്മക്കുതകാത്തതൊക്കെയും
പട്ട് പോകുന്നതിന്‍ മുന്‍പേ വെട്ടിമാറ്റുമെന്നത്
കാല നീതിസാരത്തിന്നുതകുമെങ്കിലും
വാഴ്വിന്‍ ഗര്‍‌വ്വും ഗരിമയും ശമിച്ച്
അന്ത്യയാത്രക്ക് കിടത്തിയ നിന്നെക്കാണുകില്‍
രണ്ട് തുള്ളി കണ്ണീരെന്റെയുള്ളിലുറവിടുന്നു.
റബ്ബറേ,നീയുമൊരു മരമല്ലേ..?

14 ഓഗസ്റ്റ് 2011

സൗഹൃദങ്ങളെ കുറിച്ച് ചില ദുഷ്,പാഴ്,സുരഭില ചിന്തകള്‍

പ്രിയ കൂട്ടുകാരാ,
എന്റേതായുള്ളതൊന്നും നിനക്കും
നിന്റേതായുള്ളതൊന്നും എനിക്കും
അശേഷം വേണമെന്നില്ലാത്ത സ്ഥിതിയ്ക്ക്
നമുക്കിനിയും നല്ല
സുഹൃത്തുക്കളായി തുടരാം.

എന്റെ സമയം
എന്റെ പണം
എന്റെ തൊടിയിലെ ഫലങ്ങള്‍
എന്റെ ചാരു കസേര
വേലി കെട്ടി തിരിച്ച എന്റെ പൂന്തോട്ടത്തിലെ പൂക്കള്‍
ഒന്നും നിനക്കു വേണ്ടാത്ത സ്തിഥിക്ക്,സുഹൃത്തേ
എത്ര കാലം വേണമെങ്കിലും നമുക്കിനിയും
സുഹൃത്തുക്കളായി തുടരാം.

വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍
രണ്ട് ജാതിയില്‍ പിറന്നവരായതിനാലും
വളരുമ്പോള്‍ നമ്മള്‍ അവരെ
ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായി
വളര്‍ത്തുമെന്നതിനാലും,സുഹൃത്തേ,
നമുക്കിനിയും നല്ല സുഹൃത്തുക്കളായി തുടരാം.

എന്റെ ഭാര്യയ്ക്ക് എന്നെയും
നിന്റെ ഭാര്യക്കു നിന്നെയും
ഭയങ്കര വിശ്വാസമായതു കൊണ്ട്
നമുക്കിനിയും സുഹൃത്തുക്കളായി തുടരാം.

എന്റെ ശമ്പളവും നിന്റെ ശമ്പളവും
ഏകദേശം തുല്ല്യമായതിനാലും
എന്റെ കാറും നിന്റെ കാറും
പുതിയതായതിനാലും
ഞാന്‍ അവള്‍ക്കു ചുരിദാറു വാങ്ങുമ്പോഴൊക്കെ
നീ അവള്‍ക്ക് സാരി വാങ്ങുമെന്നുള്ളതിനാലും
നമ്മുടെ ഭാര്യമാരും, ഭാവിയില്‍
നല്ല സുഹൃത്തുക്കളായി തുടരുമെന്ന്
നമുക്കാശിക്കാം.

എന്റെ ഉപ്പയും നിന്റെ അച്ചനും
നല്ല മഹിമയുള്ള തറവാട്ടില്‍
പിറന്നവരാകയാലും
പണ്ട് ആനപ്പുറത്ത് കയറിയിന്റെ തഴമ്പ്
ചന്തിയില്‍ ആവിശ്യത്തിലേറെ ഉള്ളതിനാലും
ഇരുവരും നല്ല സുഹൃത്തുക്കളാവാനെ
തരമുള്ളൂ. ആയതിനാല്‍,സുഹൃത്തെ
നമ്മുടെ സൗഹൃദം ഇനിയും വിടര്‍ന്ന് പരിലസിക്കും.

നമ്മള്‍ രണ്ടാളൂം വലതിടത് വിത്യസ്ത
വീക്ഷണമുള്ളവരാകയാല്‍
അഞ്ചഞ്ച് വര്‍ഷം ഇടവിട്ട്,
നമുക്ക് പരസ്പരം സഹായിക്കാമെന്നതിനാല്‍
സുഹൃത്തേ,നമ്മുടെ സൗഹൃദം
വരും കാലങ്ങളിലും വളരുകയേ ഉള്ളൂ
എന്നാണെന്റെ പ്രതീക്ഷ.

പക്ഷെ,എല്ലാറ്റിനുമൊരു കണക്ക് വേണം നമുക്ക്.
വരുന്ന പെരുന്നാളിന്
ഞാന്‍ നിന്നെ എന്റെ വീട്ടിലേക്ക്
സകുടുംബം ക്ഷണിക്കുമ്പോള്‍,
നീ എന്നെ, അടുത്ത് തന്നെ വരുന്ന
ഓണത്തിന്, സകുടുംബം ക്ഷണിക്കാന്‍
മറന്നു പോകരുതേ...

എല്ലാറ്റിനും വേണമൊരു കണക്ക്.
ഉദാഹരണത്തിന്,
എന്റെ പെണ്‍കുഞ്ഞിനെ നീ ലാളിക്കുന്നതിന്
അതല്ല,ആണ്‍ കുഞ്ഞിനെയാണെങ്കിലും
ഒരു പരിധി വേണം.
മറ്റൊന്നും വിചാരിക്കരുത്
അധികം ലാളിച്ചാല്‍ കുട്ടികള്‍
വഷളാവുമെന്ന് നിനക്കും അറിയാവുന്നതാണല്ലോ.

ഞാന്‍ നിന്റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
നീ എന്റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
ഒരു പരിധിയുള്ളത് നല്ലതാണ്.
ഏത് വളിപ്പുകേട്ടാലും തലയറഞ്ഞ് ചിരിക്കല്‍
പണ്ടേ എന്റെ ഭാര്യയുടെ സ്വഭാവമാണെന്ന്
നിനക്കറിയാവുന്നതാണല്ലൊ.

മദ്യപിക്കുമ്പോള്‍ മാത്രം
നീയെന്നെ കെട്ടിപ്പിടിക്കുകയോ
സ്നേഹപൂര്വ്വം ആലിംഗനം ചെയ്യുകയോ
ചെയ്തുകൊള്ളൂ.അല്ലാത്തപ്പോള്‍,
അന്യന്റെ വിയര്‍പ്പ് എനിക്കെന്തു മാത്രം
അസഹ്യമാണെന്ന്
പലപ്പോഴും നിന്നോട് പറഞ്ഞിട്ടുള്ളത്
നീ മറന്നു പോകില്ലല്ലോ.

മദ്യപിച്ചു മദ്യപിച്ച് വിവശരാകുന്ന രാത്രികളില്‍
മദ്യപിച്ച് മദ്യപിച്ച് നമ്മള്‍ നിസ്വാര്‍ത്ഥമതികളും
ആദര്‍ശവാദികളും യുക്തിവാദികളുമാകുന്ന വേളകളില്‍,
ഞാനെന്റെ മതത്തെ വിമര്‍ശിച്ചെന്നിരിക്കാം.
പക്ഷെ,അല്ലാത്ത സമയങ്ങളില്‍
പാകിസ്ഥാനെക്കുറിച്ചും എന്‍.ഡി.എഫിനെക്കുറിച്ചും
നീ പറയുന്ന കമന്റുകള്‍
എനിക്കസഹ്യമാണെന്ന് പറഞ്ഞു കൊള്ളട്ടേ.
ഒരു ഹിന്ദു രാജ്യമായ നേപ്പാളിനെ കുറിച്ചൊ
ആര്‍.എസ്.എസിനെ കുറിച്ചോ ഞാന്‍
എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ..?
അതാണ് മതസഹിഷ്ണുത മതസഹിഷ്ണുത
എന്നു പറയുന്നത്.അല്ലാതെ പേടി കൊണ്ടല്ല.

ഹാ,എത്ര ഉദാത്തവും സ്നേഹസുരഭിലവും
പരസ്പര പൂരകവും അനന്യവുമാണ് നമ്മുടെ ഈ സൗഹൃദം.
ഇതെന്നും നില നില്‍ക്കുമായിരുന്നെങ്കില്‍.......

13 ജൂൺ 2011

കഴുതകളെക്കുറിച്ച് ചില സംശയങ്ങള്‍.

തെരുവിനൊത്ത നടുക്ക്
ചിന്താവ്യാകുലം തല കുമ്പിട്ട്
അടൂര്‍ സിനിമയിലെ നായകനെപ്പോലെ
എന്താവും അവയിത്ര ഗാഡമായി ആലോചിക്കുന്നത്..?

സത്യത്തില്‍ ഇവറ്റകള്‍ ഈ കരഞ്ഞു തീര്ക്കുന്നത്
നമ്മളാ പറഞ്ഞു പഴകിയ'മറ്റേ' കാര്യം തന്നാണോ...
വൃത്തികേട്ടതും ഭയാനകവുമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ആ കരച്ചിലുകള്‍ക്ക്,
യോഗക്രിയക്കോ,ശ്വസനക്രിയക്കൊ പ്രാര്‍ത്ഥന ഗീതങ്ങള്‍‍ക്കോ,
ഏത്തമിടലുകള്‍ക്കോ ഇല്ലാത്തത്ര ശമന ശക്തിയെന്നൊ..?

ഒരു വേള,ഈ ഗാഡ ചിന്ത, കവിതകളെക്കുറിച്ചാവുമോ..
കവികളെക്കുറിച്ചും കാഴ്ച്ചക്കാരെക്കുറിച്ചുമാണോ..
എവിടേക്കോടിയാലും പോയിടത്തേക്കു തന്നെ തിരിച്ചു വരുന്ന
വിഷ്ണുമാഷിന്റെ 'പശു'വിനെക്കുറിച്ചാവാമോ
ഒരിടത്തേക്കും ഒരിക്കല്‍ പൊലും ഓടി നോക്കാത്ത തന്നെക്കുറിച്ചു തന്നെയാവുമോ..

സിനിമകളെക്കുറിച്ചാവുമോ..
പണ്ട് തെരുവുകളില്‍ ഇത്ര ചവറുകളില്ലാതിരുന്ന കാലത്ത്
വിശന്നു വലഞ്ഞ് അല‍ഞ്ഞു നടന്ന ഒരുനാള്‍
കീറി അകത്താക്കിയ ആ പഴയ
'ആഗ്രഹാരത്തിലെ കഴുതകളുടെ' സിനിമാ പൊസ്റ്ററിനെക്കുറിച്ചാവുമോ..
അഗ്രഹാരങ്ങളിലോ പള്ളികളിലൊ അകപ്പെട്ടു പോയ കഴുതകളെക്കുറിച്ചോ.

ഒരു പക്ഷെ,ഒരു സിനിമ പിടിക്കുന്നതിനെക്കുറിച്ചാവുമോ.
സിനിമ,ഒരു കഴുതയെ ഓടിച്ചിട്ട് പിടിക്കുന്നതിനെക്കുറിച്ചാകുമോ..
തല തിരിച്ചിടലാണ് ഫാഷന്‍ കാഴ്ച്ചക്കും കവിതക്കുമെന്ന് കഴുതകള്‍ക്കറിയാമോ..
(ഉദാഹരണത്തിന്,പക്ഷികളുടെ ശിഖരങ്ങളില്‍ നിന്നും മരങ്ങള്‍ കൂട്ടം കൂട്ടമായി പറന്നു പോയി എന്നു പറയുമ്പോള്‍ കാഴ്ച്ചയുടെ പല സാധ്യതകള്‍ അവശേഷിപ്പിക്കുന്നുണ്ട്)

പ്രണയത്തെക്കുറിച്ചോ ഒറ്റപ്പെടലിനെക്കുറിച്ചോ ആവുമോ..
തെരുവില്‍ വിളക്കുകാലില്‍ ചുവട്ടില് ‍എല്ലാവരുമുറങ്ങുന്ന രാപാതിരാ നേരം
ഒറ്റയ്ക്കു നിന്നു നനഞ്ഞു തീര്‍ത്ത പനിമഴയുടെ ഓര്‍മ്മയിലാവുമോ.

അനസ്യൂതം തന്നെ കടന്നു പൊകുന്ന മനുഷ്യരെക്കുറിച്ചാവുമോ..
ഇതിലേ കടന്നു പോയതും,
ഇപ്പോള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിപ്പോയതുമായ,
ചെറുത്തു നില്പ്പിന്റെ മനുഷ്യ ജാഥകളെക്കുറിച്ചാവുമോ...
ഒരു വേള,മദനിയെക്കുറിച്ചാവുമോ
അട്ടഹാസങ്ങളുടേയും ആക്രോശങ്ങളൂടേയും കാലത്ത് അയാളെ വിശ്വസിച്ചിരുന്നവര്‍
തോണ്ട കീറിയുള്ള ആര്‍ത്തനാദങ്ങളെ ഇപ്പോള്‍ അവിശ്വസിക്കുന്നതിനെക്കുറിച്ചാവുമോ..
മോപ്പസാങ്ങിന്റെ ആ പഴയ കഥയിലെ
വാതു വെച്ച് ദീര്‍ഘകാലം തടവുജീവിതം നയിച്ച,
ഒടുവില്‍ വാതു തുക വേണ്ടെന്നു വെച്ച്
ആഹ്ലാദത്തോടെ നടന്നു പോയ ആ മനുഷ്യനെക്കുറിച്ചാണോ..

ചുമ്മന്നു ചുമന്നു ഒടുവില്‍ വഴിയിലുപേക്ഷിച്ച
ഗൃഹാതുരത്വത്തിന്റെ ഭാണ്ടങ്ങളെക്കുറിച്ചാവുമോ..

ഗാഡചിന്തയുടെ അല്പം ചില ഇടവേളകളില്‍ ഇവ
ഇങ്ങനെ പല്ലിളിക്കുന്നത് എന്തിനാവാം..
പല്ലിളി തന്നെയാണോ അത്..
അതോ,മോണോലിസയുടേതു പോലെ
നമുക്കൊന്നും തിരിച്ചറിയാനാവാത്ത മറ്റെന്തെങ്കിലുമോ..