26 സെപ്റ്റംബർ 2009

പോട്ട് മൈര്

വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?

എല്ലാ ദിവസവും ഒരേ മോറ്
കണ്ണാടിയില്‍ കണ്ട് കണ്ട് മടുക്കുമ്പോള്‍,
വീതിയുളി കൃതാവു വെച്ചും
പഴുതാര മീശവെച്ചും
ഊശാന്‍ താടിയാക്കി മാറ്റിയും
അല്പകാലം രക്ഷ്പെടാമെന്നതൊഴിച്ചാല്‍...
എന്തിനാണീ താടിരോമങ്ങള്‍..?

മദ്രസേലു പോവുമ്പോ മുല്ലാക്ക പറഞ്ഞ്,
താടി സുന്നത്താണ്...ന്ന്,
അപ്പോ,ചൈനക്കാരേക്കളും സുന്നത്ത്
ഞമ്മക്ക് കിട്ടുംല്ല്യേ ഉസ്താദേ...ന്ന് ചോയ്ച്ച്പ്പോ കിട്ടി,
തോടേമ്മലോരു പിച്ച്,പിന്നെ,
ഓറ് തന്നെ നന്നായി ഉയിഞ്ഞും തന്നു.
ഉയിഞ്ഞ കാര്യം ഉപ്പയറിഞ്ഞപ്പോ,
മദ്രസ പോക്കും മുട്ടി.

ഏട്ടാം ക്ലാസില് വെച്ച് ജോസിറ്റ സിസ്റ്ററ് പറഞ്ഞു,
താടിരോമത്തിന് ശാരീരികമായ ചില ആവിശ്യതകളുണ്ടെന്ന്.
പെണ്ണുങ്ങള്‍ക്കീ ശാരീരിക ആവിശ്യമില്ലേന്ന് ചോദിച്ചപ്പോ,
എന്നാ പറയാനാ...ക്ലാസിന്നിറക്കിവിട്ടു.
ജോസിറ്റ സിസ്റ്ററോട് ശാരീരിക ആവിശ്യങ്ങളെക്കൂറിച്ച്
ചോദിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന്
എട്ടില്‍ തോറ്റ് തോറ്റ് കിടക്കണ ജോസൂട്ടി.

വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തിന്റെ
പുറം ചട്ട ചൂണ്ടിയാണ് പാര്ട്ടി ക്ലാസില്‍ വെച്ച്
രാമേട്ടനോട് ചോദിച്ചത് താടിയെപ്പറ്റി.
മാര്‍ക്സിനും എന്‍‌ഗല്‍സിനും ലെനിനും ഹോചിമിനും
താടിമീശകളൂണ്ടായിരുന്നു വെന്നും,
മീശ,ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്റെ
ലക്ഷണമാണെന്നും,എല്ലാ സഖാക്കളൂം
സ്റ്റാലിനെപ്പോലെയോ പറ്റിയില്ലെങ്കില്‍,
പിണറായിയെപ്പോലെയെങ്കിലുമോ
മീശവെക്കണമ്മെന്നും....

ഏകേജിയേയും ഇഎമ്മിനേയും
ഓര്‍മ്മവന്നെങ്കിലും ഒന്നും മിണ്ടിയില്ല.
എന്തിനാ വെറുതെ,
ചാനലില്‍ പറഞ്ഞു വെച്ചിരിക്കുന്ന പണി,
അല്പം രോമത്തിന് വേണ്ടി കളഞ്ഞുകുളിക്കുന്നത്..?

വീട്ടിലെത്തീട്ടും എന്തോ ഒരു വിമ്മിഷ്ട്ടം.
ആരും കാണാതെ കൂളിമുറീ കേറി വാതിലടച്ചു.
ഊക്കിലൊന്നലറി....."പോട്ട് മൈര് ".
ഹോ, ചെറിയൊരു സുഖം കിട്ടി.

ഇടക്കിടെ ഇയാളിങ്ങനെ കുളീമുറീല്
പോണതെന്തിനെന്ന് ഈയിടെയായി
ഭാര്യയ്ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.