04 ജനുവരി 2008

നിന്റെ ചുംബനത്തിനപ്പുറം കരഞ്ഞു പോയത്....

ആരോടും

വെറുപ്പില്ലാത്തതിനാലാവണം

നിന്നെ മാത്രമായി

സ്നേഹിക്കാന്‍

കഴിയാതെ പോയത്.അപരിചതരുടെയും

അടുപ്പമില്ലാത്തവരുടെയും

വിയര്‍പ്പിന്റെ ഗന്ധം

ഇഷ്ട്മില്ലാത്തതിനാലവണം

ജീവിതം മുഴുവന്

‍വിയര്‍ത്തു തീര്‍ക്കുന്നത്.


പൂക്കളും പുഴയും

മോഹിക്കാത്തതിനാലാവണം

ജീവിതം കൊണ്ടവാറെ

മരുഭൂമി കാണേണ്ടിവന്നത്.


കാഞ്ഞിരം പോലെ ബാല്യം

കയ്ച്ചതിനാലാവണം

കൈയ്യിലൊരു

താരാട്ട് പോലുമില്ലാത്തത്.


പൂര്‍വ്വജന്മത്തിലൊന്നും

പ്രണയമില്ലാഞ്ഞതിനാലാവണം

എല്ലാ പ്രണയകവിതകളും

അശ്ലീലമായിത്തോന്നുന്നത്.


കരയില്ലെന്നും കാലുപിടിക്കില്ലെന്നും

തോന്നിയതിനാലാവണം

എല്ലാ ദൈവങ്ങളും

വെറുത്തു പോയത്.


കനലില്‍ കാല്‍ ചവുട്ടി

നില്‍ക്കുന്നതിനാലാവണം

ശ്വാസകോശം പുകഞ്ഞ്

തീരുന്നതറിയാതെ പോകുന്നത്.


ഓര്‍ത്തു വേവുന്ന പലതും ഒറ്റയടിക്കു

കുത്തിയൊലിച്ചു പോന്നതിനാലാവണം

നിന്റെ ചുംബനത്തിനപ്പുറം

ഞാന്‍ കരഞ്ഞു പോയത്.