19 മേയ് 2009

പെണ്ണേ, മതിയുറങ്ങിയത്..

സമര്‍പ്പണം:ചൂടുപനിപിടിച്ച് പൊള്ളിക്കിടക്കുന്ന നിനക്ക്
....................................

പെണ്ണേ,മതി
ഇനിയെഴുന്നേല്ക്കൂ
എത്ര നാളായിങ്ങനെ പനിച്ചു കിടക്കുന്നു
ഞാനെത്രനേരമിങ്ങനൊറ്റയ്ക്കിരിയ്ക്കും
പുറത്ത് നഗരം തിളച്ചു മറിയുന്നു.

ഉള്ളു പൊള്ളി വിരിയും
മഞ്ഞച്ച ഉഷ്ണപ്പൂവുകളില്‍
നീയിന്നു മറ്റൊരു കണിക്കൊന്ന
പുറംകാഴ്ച്ചകളില്‍
രമിച്ചു കഴയ്ക്കും എന്റെ
ചപലനേത്റങ്ങള്‍ക്കായ്
ഉള്‍ച്ചൂടാല്‍ നീയൊരുക്കും
നോവിന്‍ വിരുന്നോ ഇതും....?

കരുണപൂക്കും കണ്‍തടങ്ങളില്‍
എള്ളിന്‍ പൂവിന്‍ നാസികത്തുമ്പില്‍
പിന്‍കഴുത്തിന്‍ ചുംബനരാശിയില്‍
പെണ്ണേ,
കൈപ്പടം പോലുമെന്തേ
മറച്ച് പിടിയ്ക്കുന്നു
തുറക്കുക
നിറയെ കാണട്ടെ ഞാനിന്ന്
ഇതുവരെക്കാണാതെപോയ കനലുരുക്കങ്ങള്‍.

കാലപ്പഴക്കത്തില്‍ കാണാന്‍ മറന്നവ
കണ്ടുവെന്നാകിലും കണ്ടില്ലെന്നു നടിച്ചവ
കാണാതെ പോകിലും കണ്ടെന്നു ചൊന്നവ
അരുതരുതെന്നു പറയുവാനാശിച്ചവ
കരയരുതേയെന്നു നോവുവാനാശിച്ചവ
ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു വെന്തവ
പലതും പറയുവാനുണ്ടെന്നു ചൊന്നിട്ട്
ഒന്നും പറയുവാനാവാതെ പരസ്പരം
പലതായിപ്പിഞ്ഞിമുറിഞ്ഞു വേറിട്ടു
പാഴായിപ്പോയ പഴന്തുണിക്കനവുകള്‍
നിറഞ്ഞുതൂകി നിഷ്ഫലമാകും രതി
വിരലുണ്ട് തൊട്ടിലിലുറങ്ങുന്ന ശൂന്യത...

മതിയുറങ്ങിയത്,എഴുന്നേല്ക്കൂ
നമുക്ക് പുറത്തിറങ്ങാം മറക്കാമെല്ലാം
നഗരക്കഴ്ച്ചകളില്‍ മതിമറക്കാം
കാല്‍ചുറ്റിവരിയും കരിനാഗങ്ങളെ
കണ്ടില്ലെന്നു നടിയ്ക്കാം
ആരോ നമുക്കായ് പാടുമാ
ഗാനത്തിനൊപ്പം ചുവടുവെയ്ക്കാം
കെട്ടിപ്പുണരാം പൊട്ടിച്ചിരിയ്ക്കാം
വിയര്‍ക്കാം.എഴുന്നേല്ക്കൂ...
മതിയുറങ്ങിയത്....