14 ഓഗസ്റ്റ് 2011

സൗഹൃദങ്ങളെ കുറിച്ച് ചില ദുഷ്,പാഴ്,സുരഭില ചിന്തകള്‍

പ്രിയ കൂട്ടുകാരാ,
എന്റേതായുള്ളതൊന്നും നിനക്കും
നിന്റേതായുള്ളതൊന്നും എനിക്കും
അശേഷം വേണമെന്നില്ലാത്ത സ്ഥിതിയ്ക്ക്
നമുക്കിനിയും നല്ല
സുഹൃത്തുക്കളായി തുടരാം.

എന്റെ സമയം
എന്റെ പണം
എന്റെ തൊടിയിലെ ഫലങ്ങള്‍
എന്റെ ചാരു കസേര
വേലി കെട്ടി തിരിച്ച എന്റെ പൂന്തോട്ടത്തിലെ പൂക്കള്‍
ഒന്നും നിനക്കു വേണ്ടാത്ത സ്തിഥിക്ക്,സുഹൃത്തേ
എത്ര കാലം വേണമെങ്കിലും നമുക്കിനിയും
സുഹൃത്തുക്കളായി തുടരാം.

വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍
രണ്ട് ജാതിയില്‍ പിറന്നവരായതിനാലും
വളരുമ്പോള്‍ നമ്മള്‍ അവരെ
ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായി
വളര്‍ത്തുമെന്നതിനാലും,സുഹൃത്തേ,
നമുക്കിനിയും നല്ല സുഹൃത്തുക്കളായി തുടരാം.

എന്റെ ഭാര്യയ്ക്ക് എന്നെയും
നിന്റെ ഭാര്യക്കു നിന്നെയും
ഭയങ്കര വിശ്വാസമായതു കൊണ്ട്
നമുക്കിനിയും സുഹൃത്തുക്കളായി തുടരാം.

എന്റെ ശമ്പളവും നിന്റെ ശമ്പളവും
ഏകദേശം തുല്ല്യമായതിനാലും
എന്റെ കാറും നിന്റെ കാറും
പുതിയതായതിനാലും
ഞാന്‍ അവള്‍ക്കു ചുരിദാറു വാങ്ങുമ്പോഴൊക്കെ
നീ അവള്‍ക്ക് സാരി വാങ്ങുമെന്നുള്ളതിനാലും
നമ്മുടെ ഭാര്യമാരും, ഭാവിയില്‍
നല്ല സുഹൃത്തുക്കളായി തുടരുമെന്ന്
നമുക്കാശിക്കാം.

എന്റെ ഉപ്പയും നിന്റെ അച്ചനും
നല്ല മഹിമയുള്ള തറവാട്ടില്‍
പിറന്നവരാകയാലും
പണ്ട് ആനപ്പുറത്ത് കയറിയിന്റെ തഴമ്പ്
ചന്തിയില്‍ ആവിശ്യത്തിലേറെ ഉള്ളതിനാലും
ഇരുവരും നല്ല സുഹൃത്തുക്കളാവാനെ
തരമുള്ളൂ. ആയതിനാല്‍,സുഹൃത്തെ
നമ്മുടെ സൗഹൃദം ഇനിയും വിടര്‍ന്ന് പരിലസിക്കും.

നമ്മള്‍ രണ്ടാളൂം വലതിടത് വിത്യസ്ത
വീക്ഷണമുള്ളവരാകയാല്‍
അഞ്ചഞ്ച് വര്‍ഷം ഇടവിട്ട്,
നമുക്ക് പരസ്പരം സഹായിക്കാമെന്നതിനാല്‍
സുഹൃത്തേ,നമ്മുടെ സൗഹൃദം
വരും കാലങ്ങളിലും വളരുകയേ ഉള്ളൂ
എന്നാണെന്റെ പ്രതീക്ഷ.

പക്ഷെ,എല്ലാറ്റിനുമൊരു കണക്ക് വേണം നമുക്ക്.
വരുന്ന പെരുന്നാളിന്
ഞാന്‍ നിന്നെ എന്റെ വീട്ടിലേക്ക്
സകുടുംബം ക്ഷണിക്കുമ്പോള്‍,
നീ എന്നെ, അടുത്ത് തന്നെ വരുന്ന
ഓണത്തിന്, സകുടുംബം ക്ഷണിക്കാന്‍
മറന്നു പോകരുതേ...

എല്ലാറ്റിനും വേണമൊരു കണക്ക്.
ഉദാഹരണത്തിന്,
എന്റെ പെണ്‍കുഞ്ഞിനെ നീ ലാളിക്കുന്നതിന്
അതല്ല,ആണ്‍ കുഞ്ഞിനെയാണെങ്കിലും
ഒരു പരിധി വേണം.
മറ്റൊന്നും വിചാരിക്കരുത്
അധികം ലാളിച്ചാല്‍ കുട്ടികള്‍
വഷളാവുമെന്ന് നിനക്കും അറിയാവുന്നതാണല്ലോ.

ഞാന്‍ നിന്റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
നീ എന്റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
ഒരു പരിധിയുള്ളത് നല്ലതാണ്.
ഏത് വളിപ്പുകേട്ടാലും തലയറഞ്ഞ് ചിരിക്കല്‍
പണ്ടേ എന്റെ ഭാര്യയുടെ സ്വഭാവമാണെന്ന്
നിനക്കറിയാവുന്നതാണല്ലൊ.

മദ്യപിക്കുമ്പോള്‍ മാത്രം
നീയെന്നെ കെട്ടിപ്പിടിക്കുകയോ
സ്നേഹപൂര്വ്വം ആലിംഗനം ചെയ്യുകയോ
ചെയ്തുകൊള്ളൂ.അല്ലാത്തപ്പോള്‍,
അന്യന്റെ വിയര്‍പ്പ് എനിക്കെന്തു മാത്രം
അസഹ്യമാണെന്ന്
പലപ്പോഴും നിന്നോട് പറഞ്ഞിട്ടുള്ളത്
നീ മറന്നു പോകില്ലല്ലോ.

മദ്യപിച്ചു മദ്യപിച്ച് വിവശരാകുന്ന രാത്രികളില്‍
മദ്യപിച്ച് മദ്യപിച്ച് നമ്മള്‍ നിസ്വാര്‍ത്ഥമതികളും
ആദര്‍ശവാദികളും യുക്തിവാദികളുമാകുന്ന വേളകളില്‍,
ഞാനെന്റെ മതത്തെ വിമര്‍ശിച്ചെന്നിരിക്കാം.
പക്ഷെ,അല്ലാത്ത സമയങ്ങളില്‍
പാകിസ്ഥാനെക്കുറിച്ചും എന്‍.ഡി.എഫിനെക്കുറിച്ചും
നീ പറയുന്ന കമന്റുകള്‍
എനിക്കസഹ്യമാണെന്ന് പറഞ്ഞു കൊള്ളട്ടേ.
ഒരു ഹിന്ദു രാജ്യമായ നേപ്പാളിനെ കുറിച്ചൊ
ആര്‍.എസ്.എസിനെ കുറിച്ചോ ഞാന്‍
എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ..?
അതാണ് മതസഹിഷ്ണുത മതസഹിഷ്ണുത
എന്നു പറയുന്നത്.അല്ലാതെ പേടി കൊണ്ടല്ല.

ഹാ,എത്ര ഉദാത്തവും സ്നേഹസുരഭിലവും
പരസ്പര പൂരകവും അനന്യവുമാണ് നമ്മുടെ ഈ സൗഹൃദം.
ഇതെന്നും നില നില്‍ക്കുമായിരുന്നെങ്കില്‍.......

23 അഭിപ്രായങ്ങൾ:

faisu madeena പറഞ്ഞു...

അര്‍ത്ഥമുള്ള വരികള്‍ ...കൊള്ളാം ഹാരിസ്‌

നൗഷാദ് അകമ്പാടം പറഞ്ഞു...

സൗഹൃദമെന്ന ഒരു വാക്കിനെ കീറിമുറിക്കുമ്പോള്‍
പുറത്തേക്കിടുന്ന ചിന്തകള്‍ ഇങ്ങനെയൊക്കെ തന്നെ..
എല്ലാവരികളിലും ഉണ്ട് ഒരോ സൗഹൃദം സൂക്ഷിക്കുന്നവന്റേയും കയ്യൊപ്പ്, നെഞ്ചിടിപ്പ്..!

കാലം മാറി..അതിര്‍‌വരമ്പുകള്‍ ഇന്ന് തങ്ങളിലേക്ക് തന്നെ ചുരുങ്ങിക്കൂടി മേനിയെ തന്നെ വരിയുന്നു..
ആര്‍ക്കും ആരേയും വിശ്വാസമില്ലാത്ത കാലം..
നമ്മള്‍ പുഞ്ചിരിക്കുന്നത് പോലും അന്യനു കൊടുക്കുന്ന ഔദാര്യം പോലെ..

സൂക്ഷിക്കുക..
സ്പര്‍ശനവും സാമീപ്യവും വാക്കുകളും ഒക്കെ ഇനിയധികം സൂക്ഷിച്ച്...
എനിക്കുള്ളിലും നിനക്കുള്ളിലും അവര്‍ക്കുള്ളിലും എപ്പോഴും തുറന്നിരിക്കുന്ന
ഒരു കണ്ണുണ്ട്...

കവിതയുടെ ക്രാഫ്റ്റ് ഇഷ്ടമായില്ലെങ്കിലും പറയാനുള്ളത് പറയേണ്ട പോലെ പ്റഞ്ഞു എന്ന തോന്നലുണ്ട്..
അത് തന്നെയാണല്ലോ മുഖ്യവും..

ഒരു അക്ഷരതെറ്റ് കണ്ടു : സ്തിഥി - "സ്ഥിതി"

ആശംസകളോടെ...

ഹാരിസ് പറഞ്ഞു...

ഫൈസു,നന്ദി.

നൗഷാദ്.
പാതിരാത്രി ഒന്നരക്കാണിതെഴുതിയത്.
ഉറങ്ങിയില്ലെങ്കില്‍ രാവിലെ എഴുന്നേറ്റ് ഓഫീസില്‍ പോകാന്‍ വൈകുമെല്ലോ എന്ന ബേജാറിലായിരുന്നു എഴുത്ത്.
തിരുത്താന്‍ കൂടി മിനക്കെട്ടില്ല.ആരെങ്കിലും വായിക്കുന്നെവെങ്കില്‍ അവരുടെ സമയം കൂടിയാണല്ലൊ ഞാന്‍ മെനെക്കെടുത്തുന്നത് എന്നറിയാഞ്ഞിട്ടല്ല ഇത്തരം പാതി വെന്ത കവിതകള്‍.അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ശ്വാസം മുട്ടി പോകും.കൂട്ടുകാരെല്ലാം ഉറക്കമായിരിക്കും ആ സമയത്ത്.അല്ലെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ തീരും എന്റെ വിജൃം‌ഭണം മുഴുവന്‍.
എനിക്കു തന്നെ നല്ലതു പോലെ അറിയാം അതിന്റെ പരിമിതികള്‍.
അഭിപ്രായങ്ങള്‍ക്ക് നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

u got talent

Da ,why dont you start writing seriously?opt out of these blogs and social networks and aim big- popular malayalam magazines or weeklys like mathribhumi,malayalam,keralakaumudi(not manorama).

rajesh joseph

ഹാരിസ് പറഞ്ഞു...

ഈ ലോകം സീര്യസായ മനുഷ്യരെകൊണ്ട് നാള്‍ക്കു നാള്‍ അസഹ്യമായിക്കൊണ്ടിരിക്കുകയാണ്.
ഞാനും കൂടി സീര്യസായാല്‍.....:)

shiboy പറഞ്ഞു...

It is truth....thanks for your open mind...

മോന്‍സ് I Mons പറഞ്ഞു...

എല്ലാറ്റിനുമൊരു കണക്ക് വേണം നമുക്ക്.
വരുന്ന പെരുന്നാളിന്
ഞാന്‍ നിന്നെ എന്റെ വീട്ടിലേക്ക്
സകുടുംബം ക്ഷണിക്കുമ്പോള്‍,
നീ എന്നെ, അടുത്ത് തന്നെ വരുന്ന
ഓണത്തിന്, സകുടുംബം ക്ഷണിക്കാന്‍
മറന്നു പോകരുതേ...

സൌഹൃദത്തിന്റെ ഇരുമ്പു ചങ്ങലകള്‍ പോലും പോട്ടിപ്പോവുന്ന
ഉത്തരാധുനിക കാലത്തോട് സംവദിക്കുന്ന വരികള്‍..
നന്നായി... തുടരുക.
http://hakeemcheruppa.blogspot.com/

- സോണി - പറഞ്ഞു...

കവിത എന്ന് പേരിടാതെ വായിച്ചാല്‍ (പിന്നെ എന്തുപേരിടും എന്നെനിക്കും അറിയില്ല) പാതിയല്ല, നന്നായിത്തന്നെ വെന്തിട്ടുണ്ട്.
കുറെനാള്‍ മുന്‍പ്‌ ഒരു കാര്‍ട്ടൂണ്‍ കണ്ടിരുന്നു. ഒരാള്‍ക്ക്‌ ഒരു ഫോണ്‍കോള്‍ വരുന്നു, അയാള്‍ താല്പര്യം പ്രകടിപ്പിച്ച് സംസാരിക്കുന്ന ഓരോ വാചകത്തിനും പകരം അയാളുടെ മനസ്സില്‍ ശരിക്കുമുള്ള ചിന്തകള്‍ എന്തെന്ന്... വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു. ചിലരുണ്ട്, എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നു പറയും, സുഹൃത്തിനും ഭാര്യയ്ക്കും, എല്ലാം. പക്ഷെ കാര്യത്തോട് അടുക്കുമ്പോള്‍ അറിയാം, അവര്‍ ഒന്നും സഹിക്കില്ല. ആശയങ്ങള്‍ വളരെ നന്നായി.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നന്നായി .. നല്ല വരികള്‍
ആശംസകള്‍

Noushad Koodaranhi പറഞ്ഞു...

എങ്കിലും പ്രിയ സുഹൃത്തേ.........

Mohammed Kutty.N പറഞ്ഞു...

സൗഹൃദത്തിന്‍റെ നിലാസ്മിതങ്ങള്‍ പൂക്കുന്ന നല്ല വാക്കിനും വരികള്‍ക്കും ആശംസകള്‍ ...!

Rakesh KN / Vandipranthan പറഞ്ഞു...

hahaha kalakki athu :) great

ഷൈജു.എ.എച്ച് പറഞ്ഞു...

എല്ലാ ബന്ധങ്ങള്‍ക്കും ഒരു പരിതി വേണം..എല്ലാറ്റിലും..
കാഴ്ചപ്പാട് നന്നായി..ആശംസകള്‍..

www.ettavattam.blogspot.com

Jefu Jailaf പറഞ്ഞു...

നല്ല വരികള്‍ , അര്‍ത്ഥമുള്ള വരികള്‍..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകള്‍
നല്ല വരികള്‍

Navas Gafoor പറഞ്ഞു...

സൌഹൃദങ്ങള്‍ എന്തിനൊക്കെയോ വേണ്ടി ആയി മാറുന്ന ഈ കാലത്ത് എത്രയോ ഉചിതമായ വരികള്‍ , ഹരിസ്ക അഭിനന്ദനങ്ങള്‍

ഹാരിസ് പറഞ്ഞു...

thank u all.

അജ്ഞാതന്‍ പറഞ്ഞു...

കൃഷ്ണ കുചേല സഹൃദങ്ങള്‍ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹം തന്നെയാണ് ..
ഒന്നാമത് രണ്ടാളും ഒരേ സ്കൂളില്‍ പഠിക്കാന്‍ ഒരു സാധ്യതയുമില്ല ..
പിന്നെ അവനനോട് ചേരുന്ന കൂട്ടെ പാടുള്ളൂ എന്നും എല്ലാറ്റിനും ഒരു കണക്കു വെക്കണമെന്ന് ചെറുപ്പം മുതലേ നിഷ്കഷിച്ചു പഠിപ്പിക്കുന്നുമുണ്ട് ഞങ്ങള്‍ അമ്മമാര്‍ ..
പക്ഷേ സാങ്കല്‍പ്പിക ലോകമെന്നു പറയുന്നെങ്കിലും,എന്തൊക്ക പോരായ്മകലുന്ടെങ്കിലും തുറന്ന ഒരു കൂട്ടായ്മ തരുന്നില്ലേ social network sites?

അജ്ഞാതന്‍ പറഞ്ഞു...

കൃഷ്ണ കുചേല സൌഹൃദങ്ങള്‍ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹം തന്നെയാണ് ..
ഒന്നാമത് രണ്ടാളും ഒരേ സ്കൂളില്‍ പഠിക്കാന്‍ ഒരു സാധ്യതയുമില്ല ..
പിന്നെ അവനനോട് ചേരുന്ന കൂട്ടെ പാടുള്ളൂ എന്നും എല്ലാറ്റിനും ഒരു കണക്കു വെക്കണമെന്നും ചെറുപ്പം മുതലേ നിഷ്കഷിച്ചു പഠിപ്പിക്കുന്നുമുണ്ട് ഞങ്ങള്‍ അമ്മമാര്‍ ..
പക്ഷേ സാങ്കല്‍പ്പിക ലോകമെന്നു പറയുന്നെങ്കിലും,എന്തൊക്ക പോരായ്മകളുന്ടെങ്കിലും തുറന്ന ഒരു കൂട്ടായ്മ തരുന്നില്ലേ social network sites?

JIGISH പറഞ്ഞു...

ഹാ,എത്ര ഉദാത്തവും സ്നേഹസുരഭിലവും
പരസ്പര പൂരകവും അനന്യവുമാണ് നമ്മുടെ ഈ സൗഹൃദം.!!

kuriappy പറഞ്ഞു...

ഇതൊരു ഒന്നര കവിതയാണ് ....

anaskoodaranhi പറഞ്ഞു...

എന്നും ഓര്‍മകളില്‍ ....

anaskoodaranhi പറഞ്ഞു...

എന്നും ഓര്‍മകളില്‍ ....