30 ഏപ്രിൽ 2008

എന്റെ നസ്രാണിക്ക്

എല്ലാവരും വീട്ടിലേക്ക് പോയ
ഒരു ഓണാവധിക്കാലത്താണ്,
ഹോസ്റ്റലില്‍ തന്നെ കഴിയാം
എന്ന് തീരുമാനിച്ച
ഒരു പകലുച്ചയുടെ
ആരുമില്ലായ്മയിലേക്ക് വെളിപ്പെട്ട്,
ഓരോ നസ്രാണിക്കും
സ്വര്‍ഗ്ഗരാജ്യം അന്വേഷിച്ചു പോകാതെ
തരമില്ലെന്നും,
താന്‍ ഷിമോഗയിലേക്ക് പോവുകയാണന്നും,
അവിടെ അന്‍പതേക്കര്‍ പച്ചപ്പും,
ആവോളം ജലസമൃദ്ധിയും കണ്ടു വെച്ചിട്ടാണു
വന്നിരിക്കുന്നതെന്നും,
നിനക്കെന്റെ മലെഞ്ചെരുവില്‍
ഒരു ഏറുമാടം കെട്ടിത്തരാമെന്നും,
അവിടിരുന്നു അവോളം
പുസ്തകങ്ങള്‍ വായിച്ച് കൂട്ടാമെന്നും
വാക്കുതന്ന്,
എന്റെ ആയുസില്‍ ‍നിന്നും
ഈ ലൊകത്ത് നിന്നും
അവന്‍ അപ്രത്യക്ഷനായത്......


പാതി പണിതീര്‍ത്ത്,
അനാഥമായ,
ഒരു ഏറുമാടം
എന്റെ സ്വപ്നത്തില്‍
‍ഇടക്കിടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്
പിന്നെയും വളരെക്കഴിഞ്ഞാണ്.

11 ഏപ്രിൽ 2008

ദൈവമേ..ഞാനവള്‍ക്കു കാവലാളോ..?

ഇറാഖില്‍,

പട്ടാളക്കാര്‍ പങ്കിട്ടു തിന്നയാ

സാധു മനസിനെ

ഉറക്കത്തില്‍ കണ്ട്

ഞെട്ടിയുണര്‍ന്ന് വിതുമ്പിയ

സ്വന്തം പെണ്ണിനെ,

ആശ്വസിപ്പിച്ച്,

നെഞ്ചിലൂതി തണുപ്പിച്ച്,

ഉമ്മവെച്ചുമ്മവെച്ച്,

ഒരറ്റം മുതല്‍ തിന്നു തുടങ്ങി

ഞാനും.

05 ഏപ്രിൽ 2008

പുരുപുരാണം രണ്ടാംഭാഗം.

എത്ര വിരസമാണ്
എന്റെ ദിനരാത്രങ്ങളെന്നു
നീയറിയുന്നുവോ...?

ചുണ്ടില്‍ നീ ചാലിച്ചു തന്ന
ജീവിതസ്വപ്നങ്ങളാല്‍
‍ഞാണ്‍ വലിച്ചു നിര്‍ത്തിയ
എന്റെ കൌമാരം
എത്ര പെട്ടെന്നാണ്
ലക്ഷ്യരഹിതമയി
തൊടുത്തു പോയത്...?

നിന്റെ വിരലില്‍ തൂങ്ങി
കണ്‍നിറഞ്ഞ് തൂവിയ
പഴയ ഉത്സവരാവുകള്‍
ഇത്ര പൊടുന്നനെ
പുലര്‍ന്നു പോയതെന്ത്...?

എന്റെ നാളും പേരും കുറിച്ച്
നീ ഉയര്‍ത്തി പറത്തിയ പട്ടം
ഏതാസുര വൃക്ഷശിഖരത്തില്‍
തടഞ്ഞാണ് ഗതി മാറിയത്...?

യൌവ്വനാലംകൃത-
വിവര്‍ണ്ണഞൊറികളാല്‍
‍കനം വെച്ച് തൂങ്ങിയിരിക്കുന്നു
എന്റെ ഇഹലോക ജീവിതം,
ചുവന്ന്, പീളകെട്ടി,
നീരുവെച്ചിരിക്കുന്നു
പുതുലോക കാഴ്ച്ചകള്‍,
മുഖലേപനം കൊണ്ട്
മറച്ചു പിടിക്കുന്ന ദുര,
കാമം,ദുര്‍ന്നടത്തകള്‍.
എങ്ങും ശവംനാറി പൂവുകള്‍,
പാത്തും പതുങ്ങിയുമെത്തുന്ന വെറി,
വേറിട്ടു പോയ വിരലുകള്‍,
ചെവിയറുത്ത് വാങ്ങിയ പ്രണയിനി,
വിവര്‍ത്തനം ചെയ്യാനറിയാതെ പോകുന്ന വേദന‍.
മദ്യം തലക്കടിച്ച് വീഴ്ത്തുന്ന രാത്രികള്‍,
ചോണോനുറുമ്പുകള്‍ ‍തിന്നുതീര്‍ക്കുന്ന തലച്ചോറ്,
ചോര കക്കുന്ന പുലര്‍ച്ചകള്‍,
പാതയില്‍ കാത്ത് നില്‍ക്കുന്ന കാലപ്പെരുമ്പാമ്പ്,
ചുറ്റിവരിഞ്ഞ് കൊല്ലുന്ന സൌഹൃദസന്ധ്യകള്‍.
കൊട്ടിയാര്‍ക്കുന്ന പ്രാര്‍ത്ഥനാശാലകള്‍
‍വേദപുസ്തകത്തിലൊളിപ്പിച്ച കൊലക്കത്തി,
ചേതന മരവിച്ച ജീവിത യാത്രകള്‍.

ഉപ്പാ... വയ്യെനിക്കിതൊന്നും,
ഒക്കെയും തിരിച്ചെടുത്തേക്കുക.
ഇങ്കില്‍ കുറുക്കി വിഷം തരിക
കേട്ട കഥകള്‍ ഒക്കെയും ചൊല്ലുക
താരാട്ട് പാടിപ്പതുക്കെപ്പതുക്കെ
കുഞ്ഞു തുടയില്‍ താളം പിടിക്കുക
കണ്ണു പതുക്കെ തിരുമ്മിയടക്കുക
ആ കാനനച്ചോലെയിലെന്നെയുമെതിരേക്കുക
കാവലിനു ഞാനുണ്ടെന്ന് വീണ്ടുമോര്‍മ്മിപ്പിക്കുക
കനലിന്‍ കാതങ്ങള്‍ താണ്ടിയ കാല്‍വിരലുകള്‍
മടിയിലെടുത്തുമ്മവെച്ചാറ്റുക.

തിരിച്ചെടുത്തേക്കുകീ പരിഹാസ്യജീവിതം.