29 നവംബർ 2007

കാവ്യ

എത്രയെത്ര പുരുഷ ഗന്ധാലിംഗനങ്ങള്‍....!
വനപുഷ്പങ്ങളുടെ
തീഷ്ണ ഗന്ധം പകര്‍ന്നവ,
തുളസിത്തറ പോലെ
ശാന്തി പകര്‍ന്നവ,
സ്വയംവിസ്മൃതിയുടെ ആഴച്ചുഴികളിലേക്ക്
ആത്മാവിനെ ഒഴുക്കിക്കളഞ്ഞവ,
വാത്സല്ല്യ നിറവിന്റെ
ഇലത്തെന്നലായവ,
ജീവന്റെ ജനല്‍‌പാതിയില്‍
സൌമ്യമായി തൊട്ടു വിളിച്ചവ,
പ്രണയാഭമായ ആമ്പല്‍കുളങ്ങളെ
ഒളിപ്പിച്ചുവെച്ചവ,
ഒറ്റപ്പെടലിന്‍ വേനല്‍ചൂടു പകര്‍ന്നവ,
മുലയൂട്ടലിന്റെ ആലസ്യം പകര്‍ന്നവ,
ഗര്‍ഭക്ഷീണത്തിന്റെ
ആത്മനിരാസം പകര്‍ന്നവ,
അങ്ങനെ എത്രയെത്ര....

ഋതുഭേദങ്ങളെ മൊഹിച്ചവളാണവള്‍.
വസന്തത്തില്‍,
ശിശിരമോഹങ്ങളെ താലോലിച്ചവള്‍.
ശിശിരത്തില്‍,
വസന്തസ്മൃതികളില്‍ വിരഹിച്ചവള്‍.
ഭൂമിയുടെ മോഹങ്ങളെ
അവളെക്കാള്‍ ആര്‍ക്കറിയാം...?