പത്ത് സെന്റു നിലവും
ചെത്തിത്തേക്കാത്ത ഒരു വീടുമായിരുന്നു
ഉപ്പയുടെ ആകെയുള്ള സമ്പാദ്യം.
വീടിന് ചുറ്റും കൊത്തിക്കിളച്ച്
നാലു മൂട് കപ്പ വെച്ചാലോ പാത്തൂ-യെന്ന്
വെറുതേയിരിക്കുന്ന ചില വൈകുന്നേരങ്ങളില്‍
ഉപ്പ ഇടക്കിടെ ആവേശവാനാകും.
(ടിപ്പുവിന്റെ പടയോട്ടം കടന്നു പോയ നാടാണു ഞങ്ങളുടേത്.
പൊട്ടായോ പൊടിയായോ വല്ലതും തടഞ്ഞാലോ എന്നാവും ഉള്ളില്‍.)
ബയ്യാത്ത പണിക്കു പൊയി
ഇങ്ങളു വെറുതെ എടങ്ങേറക്കല്ലേ മനുഷ്യാ-യെന്നു
ഉമ്മയുടെ സ്ഥിരം മറുപടി.
ചരിത്രം പഠിച്ചിട്ടില്ല എന്റെ ഉമ്മ
ചരിത്രം എന്നും പാഠം പഠിപ്പിക്കുന്നത്
ഉമ്മമാരെയാണെങ്കിലും.
എനിക്കും ആകെയുള്ളത്
പത്ത് സെന്റു നിലവും
ചെത്തിത്തേക്കാത്ത ഈ വീടുമാണ്.
നാലു മൂട് കപ്പ നടണമെന്ന്
എനിക്കുമുണ്ട് തികട്ടി വരുന്ന ഒരാശ.
ഒരു പക്ഷെ,കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍
എനിക്കു കിട്ടുന്നത്
ടിപ്പുവിനും വളരെ കാല്‍ം മുന്‍പ് നടന്ന
പഴയൊരു പടയോട്ട കാലത്തെ,
മണ്‍ മറഞ്ഞു പൊയൊരു
ബുദ്ധപ്രതിമയാണെങ്കിലോ..?