26 ഫെബ്രുവരി 2008

നായീന്റെ മക്കള്‍.

കടലു കടക്കാന്‍
വിസ കിട്ടാത്ത ദുഃഖത്താല്‍
ഒരു നായ,
വെള്ളം കിട്ടാതെ,
നാട്ടിലെ നടുക്കടലില്‍ വീണു ചത്തു.

വിസ കിട്ടി അക്കരപറ്റിയ
മറ്റൊരു നായ,
തികട്ടി വന്ന കൊര
തൊണ്ടയില്‍ കുരുങ്ങി,
മരുഭൂമിയില്‍ കിടന്നു ചത്തു.

കുഞ്ഞിനെ ആശുപത്രിയിലാക്കാന്‍
‍കാശില്ലെന്നു കരഞ്ഞ പെണ്ണിനോട്,
പെങ്ങളെ പെഴപ്പിച്ച അയലോക്കത്തെ സഖാവിനെ
കണ്ണിറുക്കി കാട്ടി കാര്യം സാധിക്കാന്‍
‍ഫോണില്‍ പറഞ്ഞ്,
ഇന്നലെ രാത്രി മറ്റൊരു നായ,
അവന്റെ അക്കോമടേഷനില്‍
‍തൂങ്ങിച്ചത്തു.

കള്ളിലും സ്വയംഭോഗത്തിലും
ആശ്വാസം കിട്ടാതെ
ഭ്രാന്ത് വന്ന
മറ്റൊരു നായക്ക്
ഇമിഗ്രേഷനില്‍ നിന്നും
ലൈഫ് ബാന്‍.

നിന്റമ്മക്കെന്തു പതിനാറടിയന്തിരം..?
നിന്റച്ചനെന്തിനു ഊന്നു വടി..?
നിന്റെ മോനെന്തിനു നിന്റെ ചെറുവിരല്‍..?
നിന്റെ പെണ്ണിനെന്തിനു നിന്‍‌നെഞ്ചിന്‍‌ചൂട്...?

സമര്‍പ്പണം:പന്ത്രണ്ട് വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍
തികച്ചും മൌനിയായി നാട്ടില്‍ തിരിച്ചെത്തിയ അവന്.

22 ഫെബ്രുവരി 2008

പെണ്ണെ,പരിഹസിക്കരുത്....!

പെണ്ണെ,പരിഹസിക്കരുത്.

നിന്നെ വളഞ്ഞ പതിനാറക്ഷൌഹിണി-
പ്പടക്കിടയില്‍ നിന്നും
നിന്റെ മേനി കാത്ത
രജനീകാന്തല്ല ഞാന്‍.


തോള്‍ ചെരിച്ച് നടന്നു വന്ന്‍,
നിന്റെ സ്ത്രൈബിയന്‍ സ്വപ്നങ്ങളില്‍
‍വിരല്‍ തൊട്ട നപുംസകവുമല്ല.


പതിനായിരം കാമബാണങ്ങങ്ങളില്‍ നിന്ന്
സ്വന്തം അരക്കെട്ടു കാത്ത യേശുവുമല്ല..

തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല.


നിന്റെ ബലികുടീരത്തിനായി
ഇരുപതിനായിരം അടിമകളുടെ
ഇരുപതു വര്‍ഷത്തെ വിയര്‍പ്പ്
ബലികൊടുക്കില്ല ഞാന്‍.


ആരാലും പാകാതെ,
ആരാലും കാക്കാതെ,
കയ്പ്പിന്റെ നിഷ്ഫലവുമായി
അനാഥനായി പിറന്ന,
ഒരു കാഞ്ഞിരമരം മാത്രം.


നിന്റെ പ്രാര്‍ത്ഥനകളാല്‍,
മറ്റൊരു കാലവും ജീവനും
വരമായി ചോദിച്ചു വാങ്ങി,
എന്നെ ഉപേക്ഷിച്ചുപൊയ്കോളുക.