01 ഡിസംബർ 2008

ഗൂഗിളീയം

അയലോക്കത്തെ ആരാന്റമ്മ
നാണ്യമ്മയ്ക്ക് ഭ്രാന്ത്.
മൂന്നാം പെഗ്ഗിന്‍ ഐസിടുമ്പോഴാണോര്‍ത്തത്.
പാവം നാണ്യമ്മ...!
ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോഴറിഞ്ഞു.
സാമ്പത്തിക മാന്ദ്യം.
നാണ്യമ്മേടെ ബയിംഗ് പവ്വര്‍വല്ലാതെ കുറഞ്ഞിരുന്നു.
പോയി കാണാന്‍ പറ്റീല്ല.
ഐ വാസ് സോ ബ്യുസി.

ബംഗാളിലും നാണി എന്നു പേരുള്ള
ചിലര്‍ക്കിടയില്‍ വളരെക്കാലമായി
ഈ പ്രതിഭാസം കാണുന്നുണ്ട് പോലും.
പ്രൂഫ് വേണമെങ്കില്‍ ലിങ്കു തരാമെന്ന്
വേലിയ്ക്കപ്പുറമുള്ള രാവുണ്ണീടെ മെയില്‍.
ഹീ ഇസ് ആള്‍വെയ്സ് അപ്ഡേറ്റട്,
വിജിലെന്റ്.

എന്താണാവോ
ഓള് ഈയിടെയായി
എന്നും വൈകി വരണത്...?
ഗൂഗിള്‍ എര്‍ത്തില്‍ തപ്പീട്ടും തപ്പീട്ടും
ഓളിതോഫീസില്‍ നിന്നും
നേരത്തെ കീഞ്ഞിട്ട്,
ഒടുങ്ങാനക്കൊണ്ട്,
എങ്ങോട്ടാണ് പോണതെന്ന്,
കാണാന്‍ പറ്റണില്ല.
സൂം ചെയ്യുമ്പോ...,
ഒന്നുമങ്ങോ ട്ട് ക്ലിയറാവണില്ല.
അമ്പലമുറ്റത്തെത്തുന്നത് വരെ
ക്ലിയറായി കിട്ടും...
വീണ്ടും സൂമിയാല്‍,
ഒരു ചേരയും മൂര്‍ഖനും
സര്‍പ്പക്കാവില്‍ കൊത്തങ്കല്ല് കളി.ഡാമ്മിറ്റ്...!

മ്മക്കൊരു കാറല്‍ മാര്‍ക്സുണ്ടോ..?
ഐന്‍സ്റ്റീനുണ്ടോ...?
മറഡോണ ണ്ടോ..?
മാര്‍കേസുണ്ടോ...?
ഒരു കുടിയന്‍
‍മുന്നിലെ റോട്ടിലൂടെ
അലറി വിളിച്ച്....

“എല്ലാരൂണ്ട്...!
പെണ്ണുങ്ങളേം കുട്ട്യോളേം നോക്കി വീട്ടിലിരുപ്പാണ്”
ഉപ്പാപ്പ്യേണ്.,
നൊസ്സാണ് മൂപര്‍ക്ക്.
ഇരുപത്തൊന്നില്‍ തിരൂര്‍ന്ന്
കോയമ്പത്തൂര്‍ക്കൊരു
വാഗണ്‍ യാത്രയ്ക്കു ശേഷം,
കാണുന്നതൊക്കേം തമാശേണ്.
ക്രേസി ഓള്‍ഡ് ചാപ്.

സെറ്റീല് കുത്തിരിയ്ക്കുമ്പോ
ചന്തി നോവ്ണ്...തഴമ്പ്.
യു നോ..മൈ ഉപ്പാപ്പ ഹാഡാ ആനെലഫന്റ്.