24 ഡിസംബർ 2007

ഭ്രാന്തിനു മുന്‍പ് കുറിച്ചത്

ഭാവിയിലേക്ക് വിക്ഷേപിച്ച

പൊള്ളയായ പേടകമാണു

ഓരോ ആണ്‍കുട്ടിയും..

സ്വൊന്തം ഭാരത്തെ

ആയം കൊണ്ടു മറികടന്നേ തീരൂ അവന്.

അവസാനം എത്തിപ്പെടുന്നതാവട്ടെ

സുനിശ്ചിതമായ ഏതോ

ഭ്രമണപഥത്തിലും.

കറങ്ങിക്കൊണ്ടേയിരിക്കണം

തിരിച്ചു വിളിക്കും വരെ.


ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്നു

പറഞ്ഞു പഠിപ്പിച്ച ഉമ്മയെ,

നാല് നല്ല ചീത്ത പറയണം

അടുത്ത പോക്കിനെങ്കിലും.

15 ഡിസംബർ 2007

ഒരു നല്ല പെണ്ണുപിടിയനാവാന്‍

ഒരു നല്ല പെണ്ണു പിടിയനാവാന്‍
ഒരുപാട് കടമ്പകളുണ്ട്.


ഇരയുടെ മാംസളതയിലായിരിക്കരുത് കണ്ണ്,
കണ്ണിലെ തിരയിളക്കത്തിലായിരിക്കണം.


കഥ പറയണം,കവിത ചൊല്ലണം,
കാര്‍വര്‍ണ്ണനാകണം.


പാട്ട് പാടണം,പോട്ടേന്ന് വെക്കണം,
പൊട്ടച്ചിരി ചിരിക്കണം.


ചിത്രം വരക്കണം.ചിന്ത പെരുക്കണം,
ചിത്തം മെരുക്കണം.


നേരെ നോക്കുന്ന ധീരനാവണം,
ചെരിഞ്ഞു നോക്കുന്ന കള്ളനാവണം.


ത്യാഗിയാവണം,താങ്ങാവണം,
തനിക്കുമാത്രമാക്കണം.


കരയണം,കാലില്‍ പിടിക്കണം,
കാണാക്കുരുക്കില്‍ പെടൂത്തണം.


എല്ലാം തരമ്പോലെ വേവണം,
ഏതു പരിപ്പും എവിടെയും വേവണം.


താജ്മഹലുണ്ടെന്നു തട്ടിമൂളിച്ചേക്കണം,
ഇട്ടു മൂടിയേക്കണം ശവകുടീങ്ങളീല്‍.