17 ജനുവരി 2008

അകാല്‍‌പനികം

ബിംബപ്പണി ചെയ്ത് ചെയ്തു
മടുത്തെന്ന് പറഞ്ഞ്
ഒരു നക്ഷത്രം ഇന്നു രാവിലെ
കവിതയില്‍ നിന്നും ഇറങ്ങിപ്പോയി.
കൂലി കൂട്ടിക്കൊടുത്താല്‍
‍വീണ്ടും വരുമായിരുക്കുമെന്ന്
കണവന്‍ തെങ്ങുകേറ്റക്കാരന്‍
പൂര്‍ണ്ണചന്ദ്രന്‍.


കരയെ ഇത്രയ്ക്കങ്ങ്
ആഞ്ഞു പുല്‍കാന്‍
‍ഞാന്‍ കാശൊന്നും
മുന്‍‌കൂറായി വാങ്ങിയില്ലല്ലോ
എന്ന് കടല്‍.
കടലിനു മെനോപാസടുത്തെന്ന്
തീരത്ത് എന്തോ കൊത്തിപ്പറിക്കുന്ന
കാക്ക.


കാട്ടാറിന്
പാദസരം വാങ്ങിയത്
മുക്കിന്റേതായിരുന്നെന്ന്
കള്ളു കൂടിച്ച് കുടിച്ച് മരിച്ച
ഒരു കവി.
ഞാനൊന്നുമറിഞ്ഞില്ലേ എന്ന്
അമ്മ കാട്.(കാടേ...കറുത്ത കാടേ..)


നൃത്തത്തിനിടയില്‍
‍അറിയാതഴിഞ്ഞ് വീണ
രാധയൂടെ കാല്‍ചിലങ്ക,
വിറ്റ് പുട്ടടിച്ചെന്ന്
കൃഷ്ണനോട് രഹസ്യമായി ഞാന്‍.
എത്ര കിട്ടി എന്ന്
ചിരിച്ചു കൊണ്ട് അവന്‍.