24 ഡിസംബർ 2009

ഡിസംബര്‍.

ഡിസംബര്‍.
തണുപ്പിന്‍ നിറുകയിലൂടെ
പതുക്കെ ചുരം കയറുന്ന ബസ്സ്.

പരസ്പരം കൊരുത്ത്,
ഒരിയ്ക്കലും വേര്‍പെടാനാവാതെ,
റോഡിനിരുപുറവും മുറിഞ്ഞു നീറും
മുളങ്കാടിന്‍ ‍പ്രണയത്തുരുത്തുകള്‍

അരികിലൊരു കൗമാരം.
ഉറക്കത്തില്‍ പോലും,
അടുത്തിരിയ്ക്കുന്ന അന്ന്യനും
ഒരുപാട് ഇടമനുവദിച്ച് ,
ജീവിതത്തെ ഏറ്റവും
ലളിതമാക്കുന്നത്ര സൗമ്യമായ് !

മുന്നിലെ സീറ്റില്‍ നിന്നും
മുഖത്തേയ്ക്കു പാറിവീഴുന്നൊരു
ഏകാന്തമാം മുടിയിഴ.
ആരെയോ കാത്തിരിയ്ക്കുന്ന
സൗഗന്ധമാര്‍ന്നൊരു തുളസി.

അകലെ,ഇരുട്ടില്‍ ,
ചീവീടുകള്‍ക്കുമപ്പുറം,
കറുമ്പനൊരു കാട്ടുചോലയുടെ
തപ്ത നിശ്ശബ്ദമാം ആത്മപ്രവാഹം.
അതിന്നോര്‍മ്മയില്‍,
ഇണങ്ങിയും പിണങ്ങിയും,
കണ്ണീര്‍കവിള്‍ ‍ചാലുപോലൊരു
നാട്ടുകൈത്തോട്,വെളുമ്പി.

മുകളില്‍ നിറഞ്ഞൊഴുകും
ഡിസംബറിന്‍ നക്ഷത്രക്കണ്ണുകള്‍.
നിന്നെമാത്രം നിനച്ച്,
നിലാവിന്‍ നദി.
അതിന്നോളപ്പരപ്പില്‍,
പൊങ്ങിയും താണുമൊഴുകി,
എപ്പഴോ.....ഞാനും,
നിന്റെ നഗരതീരത്തടിഞ്ഞു.