05 ഏപ്രിൽ 2008

പുരുപുരാണം രണ്ടാംഭാഗം.

എത്ര വിരസമാണ്
എന്റെ ദിനരാത്രങ്ങളെന്നു
നീയറിയുന്നുവോ...?

ചുണ്ടില്‍ നീ ചാലിച്ചു തന്ന
ജീവിതസ്വപ്നങ്ങളാല്‍
‍ഞാണ്‍ വലിച്ചു നിര്‍ത്തിയ
എന്റെ കൌമാരം
എത്ര പെട്ടെന്നാണ്
ലക്ഷ്യരഹിതമയി
തൊടുത്തു പോയത്...?

നിന്റെ വിരലില്‍ തൂങ്ങി
കണ്‍നിറഞ്ഞ് തൂവിയ
പഴയ ഉത്സവരാവുകള്‍
ഇത്ര പൊടുന്നനെ
പുലര്‍ന്നു പോയതെന്ത്...?

എന്റെ നാളും പേരും കുറിച്ച്
നീ ഉയര്‍ത്തി പറത്തിയ പട്ടം
ഏതാസുര വൃക്ഷശിഖരത്തില്‍
തടഞ്ഞാണ് ഗതി മാറിയത്...?

യൌവ്വനാലംകൃത-
വിവര്‍ണ്ണഞൊറികളാല്‍
‍കനം വെച്ച് തൂങ്ങിയിരിക്കുന്നു
എന്റെ ഇഹലോക ജീവിതം,
ചുവന്ന്, പീളകെട്ടി,
നീരുവെച്ചിരിക്കുന്നു
പുതുലോക കാഴ്ച്ചകള്‍,
മുഖലേപനം കൊണ്ട്
മറച്ചു പിടിക്കുന്ന ദുര,
കാമം,ദുര്‍ന്നടത്തകള്‍.
എങ്ങും ശവംനാറി പൂവുകള്‍,
പാത്തും പതുങ്ങിയുമെത്തുന്ന വെറി,
വേറിട്ടു പോയ വിരലുകള്‍,
ചെവിയറുത്ത് വാങ്ങിയ പ്രണയിനി,
വിവര്‍ത്തനം ചെയ്യാനറിയാതെ പോകുന്ന വേദന‍.
മദ്യം തലക്കടിച്ച് വീഴ്ത്തുന്ന രാത്രികള്‍,
ചോണോനുറുമ്പുകള്‍ ‍തിന്നുതീര്‍ക്കുന്ന തലച്ചോറ്,
ചോര കക്കുന്ന പുലര്‍ച്ചകള്‍,
പാതയില്‍ കാത്ത് നില്‍ക്കുന്ന കാലപ്പെരുമ്പാമ്പ്,
ചുറ്റിവരിഞ്ഞ് കൊല്ലുന്ന സൌഹൃദസന്ധ്യകള്‍.
കൊട്ടിയാര്‍ക്കുന്ന പ്രാര്‍ത്ഥനാശാലകള്‍
‍വേദപുസ്തകത്തിലൊളിപ്പിച്ച കൊലക്കത്തി,
ചേതന മരവിച്ച ജീവിത യാത്രകള്‍.

ഉപ്പാ... വയ്യെനിക്കിതൊന്നും,
ഒക്കെയും തിരിച്ചെടുത്തേക്കുക.
ഇങ്കില്‍ കുറുക്കി വിഷം തരിക
കേട്ട കഥകള്‍ ഒക്കെയും ചൊല്ലുക
താരാട്ട് പാടിപ്പതുക്കെപ്പതുക്കെ
കുഞ്ഞു തുടയില്‍ താളം പിടിക്കുക
കണ്ണു പതുക്കെ തിരുമ്മിയടക്കുക
ആ കാനനച്ചോലെയിലെന്നെയുമെതിരേക്കുക
കാവലിനു ഞാനുണ്ടെന്ന് വീണ്ടുമോര്‍മ്മിപ്പിക്കുക
കനലിന്‍ കാതങ്ങള്‍ താണ്ടിയ കാല്‍വിരലുകള്‍
മടിയിലെടുത്തുമ്മവെച്ചാറ്റുക.

തിരിച്ചെടുത്തേക്കുകീ പരിഹാസ്യജീവിതം.

11 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തണല്‍ പറഞ്ഞു...

ഉപ്പാ... വയ്യെനിക്കിതൊന്നും,
ഒക്കെയും തിരിച്ചെടുത്തേക്കുക.
ഇങ്കില്‍ കുറുക്കി വിഷം തരിക
കേട്ട കഥകള്‍ ഒക്കെയും ചൊല്ലുക
താരാട്ട് പാടിപ്പതുക്കെപ്പതുക്കെ
കുഞ്ഞു തുടയില്‍ താളം പിടിക്കുക
കണ്ണു പതുക്കെ തിരുമ്മിയടക്കുക
ഹാരിസ്...,എന്റെ മോനാണു പറയുന്നതെന്നു തോന്നിപ്പോയി...കൊള്ളാം..നന്നായി!

Muhammed Sageer Pandarathil പറഞ്ഞു...

തിരിച്ചെടുത്തേക്കുകീ പരിഹാസ്യജീവിതം.
ശക്തമായ രചന!!!!!!!!!!!!!!

പാര്‍വണം.. പറഞ്ഞു...

തൊടുത്തുവിട്ടവനു പോലും തിരിച്ചെടുക്കാനാവാത്ത അസ്ത്രമാണു ജീവിതം..
ആവോളം വേഗത്തില്‍, മുനകൂര്‍പ്പിച്ച് മുന്നേറുക, തറക്കുന്നേടത്ത് ആഴത്തിലിറങ്ങി, വിറച്ച്...വിറച്ച് അവസാനം ഉറച്ചു നില്ക്കാനായി...പായുക, അസ്ത്രമേ....

ഹാരിസ്, നന്നയിരിക്കുന്നു കവിത... സ്വന്തം ജീവിതത്തോട് മതിപ്പില്ലാത്തോരെ, വ്യക്തിപരമായി എനിക്കിഷ്ടമല്ലെങ്കിലും...
ആശംസകള്‍!!
കവിത ജീവിതമാവില്ലല്ലൊ, എപ്പോഴും..!!!

അപര്‍ണ്ണ പറഞ്ഞു...

എന്തിനാണിങ്ങനെ ജീവിതത്തിനെ ചൂഴ്‌ന്നെടുക്കുന്നത്‌. അരുത്‌, വായിക്കാന്‍ വയ്യാ ഇതൊന്നും.
ഇങ്ങിനെയുള്ള സത്യങ്ങള്‍ എന്നും അപ്രിയമാകുന്നു.

അപ്പൂപ്പന്‍താടി പറഞ്ഞു...

ശക്തമായ കവിതകള്‍..
അഭിനന്ദനങ്ങള്‍.

Unknown പറഞ്ഞു...

നല്ല രചന പക്ഷെ എന്തിനിത്ര നിരാശ

ഹാരിസ് പറഞ്ഞു...

തണല്‍...ആത്മാര്‍ത്ഥതക്ക് നന്ദി.
qatar....നന്ദി.

പാര്‍വണം...ആത്മഹത്യയിലേക്കുള്ള വിളി പോലെയാണ് കവിതയുടെ വിളിയും.ഒരു നിമിഷം കൊണ്ട് പൊലിഞ്ഞ് തീര്‍ന്ന് അത് വീണ്ടും ജീവിതത്തിന്റെ തേന്‍ഭരണി കാട്ടി പ്രലോഭിപ്പിക്കും.

അപര്‍ണ്ണ...സമാനഹൃദയത്തിന് ഒരു വിളറിയ പുഞ്ചിരി സമ്മാനം

അനൂപ്,അപ്പൂപ്പന്താടി..ഇവിടെ വന്നതിനും ഹൃദയം പകുത്തതിനും നന്ദി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

നല്ല രചന..

നിരാശ വേണ്ടാ, :)
സുന്ദരമാ‍ക്കൂ ഈ ജീവിതം

നജൂസ്‌ പറഞ്ഞു...

ഇതു ഞാന്‍ കണ്ടിരുന്നില്ല. ഹാരിസിന്റെ കവിതകള്‍ എനിക്ക്‌ ലഹരിയാണ്‌. നിരാശ!!!! ഇവിടെയാണന്ന്‌ തൊനുന്നു നമ്മളൊന്നികുന്നടത്‌. വളരെ നേരാണ്‌ നീ പറഞത്‌ കവിത നിരാശയാണ്‌. നിരാശ മാത്രം

sandhu പറഞ്ഞു...

നിരാശ!!!! ഇവിടെയാണന്ന്‌ തൊനുന്നു നമ്മളൊന്നികുന്നടത്‌. വളരെ നേരാണ്‌ നീ പറഞത്‌ കവിത നിരാശയാണ്‌. നിരാശ മാത്രം