26 ഫെബ്രുവരി 2008

നായീന്റെ മക്കള്‍.

കടലു കടക്കാന്‍
വിസ കിട്ടാത്ത ദുഃഖത്താല്‍
ഒരു നായ,
വെള്ളം കിട്ടാതെ,
നാട്ടിലെ നടുക്കടലില്‍ വീണു ചത്തു.

വിസ കിട്ടി അക്കരപറ്റിയ
മറ്റൊരു നായ,
തികട്ടി വന്ന കൊര
തൊണ്ടയില്‍ കുരുങ്ങി,
മരുഭൂമിയില്‍ കിടന്നു ചത്തു.

കുഞ്ഞിനെ ആശുപത്രിയിലാക്കാന്‍
‍കാശില്ലെന്നു കരഞ്ഞ പെണ്ണിനോട്,
പെങ്ങളെ പെഴപ്പിച്ച അയലോക്കത്തെ സഖാവിനെ
കണ്ണിറുക്കി കാട്ടി കാര്യം സാധിക്കാന്‍
‍ഫോണില്‍ പറഞ്ഞ്,
ഇന്നലെ രാത്രി മറ്റൊരു നായ,
അവന്റെ അക്കോമടേഷനില്‍
‍തൂങ്ങിച്ചത്തു.

കള്ളിലും സ്വയംഭോഗത്തിലും
ആശ്വാസം കിട്ടാതെ
ഭ്രാന്ത് വന്ന
മറ്റൊരു നായക്ക്
ഇമിഗ്രേഷനില്‍ നിന്നും
ലൈഫ് ബാന്‍.

നിന്റമ്മക്കെന്തു പതിനാറടിയന്തിരം..?
നിന്റച്ചനെന്തിനു ഊന്നു വടി..?
നിന്റെ മോനെന്തിനു നിന്റെ ചെറുവിരല്‍..?
നിന്റെ പെണ്ണിനെന്തിനു നിന്‍‌നെഞ്ചിന്‍‌ചൂട്...?

സമര്‍പ്പണം:പന്ത്രണ്ട് വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍
തികച്ചും മൌനിയായി നാട്ടില്‍ തിരിച്ചെത്തിയ അവന്.

33 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

ഔ! തറഞ്ഞ് കേറണ്‌.. ഇങ്ങനാവണം കവിതകള്‌. വായിക്കുംബോത്തന്നെ അനുഭവിപ്പിക്കണം! എല്ലാ ഭാവുകങ്ങളും.

വൈകി വായിക്കാന്‍ തുടങ്ങിയതില്‌ വിഷമമുണ്ട്. ഇന്നു രാത്രി പഴയതൊക്കെ കുത്തിയിരുന്നു വായിച്ചിട്ടു തന്നെ കാര്യം!

Melethil പറഞ്ഞു...

haris,you have that "theekkuni" touch, i dont like comaparing poets , but still..

Unknown പറഞ്ഞു...

സത്യങ്ങള്‍ ...
മനസ്സിനെ മഥിക്കുന്ന യാഥാര്‍ത്യങ്ങള്‍...

അജ്ഞാതന്‍ പറഞ്ഞു...

വളരെ വിരളമായേ comments ഇടാറുള്ളൂ ...... ബൂലോകത്തിലെ ഏറ്റവും ലളിതവും എന്നാല്‍ ഏറ്റവും ഗഹനുവുമായ കവിതകളില്‍ ആണ് താങ്കളുടെ കവിതകളുടെ സ്ഥാനം എന്ന് തോന്നുന്നു ........... keep up the spirit...

ശ്രീലാല്‍ പറഞ്ഞു...

തീ പിടിപ്പിച്ചുവല്ലോ സ്നേഹിതാ.

ഇവിടെ ഇങ്ങനെയൊരു കനല്‍ ഇന്നാണ് കാണുന്നത്. വായിക്കട്ടെ താഴോട്ട്.

sv പറഞ്ഞു...

നന്നായിട്ടുണ്ടു..

മരുഭൂമിയിലെ പ്രവാസിയുടെ വിരഹം..വിഹ്വലതകളെ പറ്റി പറയാന്‍ ഒരാള്‍ കൂടി..

നന്മകള്‍ നേരുന്നു

നജൂസ്‌ പറഞ്ഞു...

ഇത്‌ ഞാന്‍ മുന്‍പെ വായിച്ചതാ ഹാരിസ്‌. കുരച്ചിലല്ലേ????. അന്നാരും കുരച്ചില്ല. വീണ്ടും ഇട്ടത്‌ വളരെ നന്നായി

നിലാവര്‍ നിസ പറഞ്ഞു...

പ്രവാസത്തിന്റെ പൊള്ളും മുഖങ്ങള്‍..

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ഹൃദയത്തിന്റെ ചൂടുള്ള വാക്കുകള്‍!
അനുഭവങ്ങളെ ഇങ്ങനെ പരിഭാഷപ്പെടുത്തുംബോഴാണ് ജന്മം സഫലമാകുന്നത്. മറ്റു മനുഷ്യരിലേക്കുകൂടി ഹൃദയത്തിന്റെ ചൂട് തീക്കാറ്റായി വീശുന്നത്.
ചിത്രകാരന്റെ ആശംസകള്‍.

un പറഞ്ഞു...

ഇവിടെയെത്തിച്ചത് ചിത്രകാരനാണ്.
രണ്ടു പേര്‍ക്കും നന്ദി.

കനല്‍ പറഞ്ഞു...

അമ്പോ....ഇങ്ങനെയുമുണ്ടോ കവിതകള്‍

മൂര്‍ച്ചയേറിയ കവിത

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

പ്രവാസത്തിന്റെ ഏകാന്തതയുടെ ഘനം തൂങ്ങിന മൌനത്തിലെ ചില ഏടുകള്‍.
അതിലെ സത്യത്തിന്റെ തീച്ചൂളകള്‍..

സജീവ് കടവനാട് പറഞ്ഞു...

പൊള്ളുന്ന വാക്കുകള്‍...

സജീവ് കടവനാട് പറഞ്ഞു...

പൊള്ളുന്ന കവിത...

ദിലീപ് വിശ്വനാഥ് പറഞ്ഞു...

കവിത വായിച്ച് നാക്കു പൊള്ളി. ഇതെന്താ തീഷ്ണത?

reshma പറഞ്ഞു...

അതിരു വിട്ടുള്ള കമന്റാണ്, ആ സെപിയ പടര്‍ന്ന അച്ഛനും-മകനും ഫോട്ടോ ഇവിടത്തെ കവിതകള്‍ക്ക് തീരേ ചേരുന്നില്ല.

ജ്യോനവന്‍ പറഞ്ഞു...

വാക്കിനെ നോക്കുകൊണ്ട് മറികടക്കുന്നതാണ് അനുഭവത്തിന്റെ കവിത.
നായയെ നന്നായി വരികളില്‍ കോര്‍ത്തിരിക്കുന്നു......

ഹാരിസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹാരിസ് പറഞ്ഞു...

പാമരന്‍, നല്ലവാക്കുകള്‍ക്ക് നന്ദി.

മെലെതില്‍,പവിത്രന്റെ ചില കവിതകള്‍ വായിച്ചിട്ടുണ്ട്.എനിക്കും ഇഷ്ട്ടമാണ്.

ഡോണീ,അനോണിമസ്,ശ്രീലാല്‍,sv,..
നന്ദി.

നജൂസ്...കുരച്ച്കൊണ്ടെയിരിക്കണം എന്ന് തോന്നുന്നു.

നിലാവര്‍,ചിത്രകാരന്‍ ...
വായിക്കുന്നുഎന്നറിയുന്നത് തന്നെ സന്തോഷമാണ്.

പേരക്ക,കനല്‍,സജി,കിനാവ്,
വാല്‍മീകി,ജ്യോനവന്‍.
കമന്റാന്‍ കാണിച്ച സന്മനസിന് നന്ദി.

രേഷ്മ...വയലാറിന്റെ ഒരു പഴയ കവിതയുണ്ടല്ലോ...?യൂദാസിനെ വരക്കാന്‍ ഒരു മുഖം തേടിയലഞ്ഞ ചിത്രകാരന്റെ...!പേര് മറന്ന് പോയി.കാരാഗൃഹത്തില്‍ വെച്ച് അങ്ങനെയൊരാളെ അവസാനം കണ്ടെത്തിയപ്പോഴാണറിയുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഉണ്ണിയേശുവിനെ വരക്കാന്‍ അയാളുടേ ബാല്ല്യത്തിലെ മുഖമാണ് ഉപയോഗിച്ചത് എന്ന്...

Sethunath UN പറഞ്ഞു...

ഹാരിസേ,
ന‌മത് വാഴ്വിന്റെ ബ്ലോഗില്‍ നിന്നും ഇവിടെയെത്തി. ഒറ്റെയെണ്ണം വിടാതെ വായിച്ചു. ഞാനിനി എന്തു പറയാന്‍.
വായിയ്ക്കാന്‍ താമ‌സിച്ചതില്‍ ഖേദിയ്ക്കുന്നു.
ഞാന്‍ ഫാനായി മേളില്‍ക്കിടന്നു കറങ്ങുന്നു

വേണു venu പറഞ്ഞു...

നായീന്‍റെ മക്കളേ...എന്നു് ഉറക്കെ..ആരെ ഒക്കെയോ വിളിപ്പിക്കുന്നു ഈ പൊള്ളുന്ന കവിത.!

ശെഫി പറഞ്ഞു...

ഹാരിസ് കവിത കൊണ്ട് നീ ഹൃദയത്തില്‍ പോറലേല്പിച്ചുവല്ലോ,
ലളിതമായ വാക്കുകള്‍ കൊണ്ട് ഇങനെ തീക്ഷണമ്മായി എഴുതാം അല്ലേ

പ്രവാസത്തെ അറിഞെഴുതിയതിനു നന്ദി

ഫസല്‍ ബിനാലി.. പറഞ്ഞു...

നിന്റമ്മക്കെന്തു പതിനാറടിയന്തിരം..?
നിന്റച്ചനെന്തിനു ഊന്നു വടി..?
നിന്റെ മോനെന്തിനു നിന്റെ ചെറുവിരല്‍..?
നിന്റെ പെണ്ണിനെന്തിനു നിന്‍‌നെഞ്ചിന്‍‌ചൂട്...?

കൂട്ടിയെഴുതാന്‍ കയ്യിലൊന്നുമില്ല
തൂങ്ങിച്ചാകാനും വയ്യ.

തറവാടി പറഞ്ഞു...

ശക്തം.

പാര്‍വണം.. പറഞ്ഞു...

ബീര്‍ കുടിച്ചു ചീര്‍ത്ത പ്രവാസിയുടെ ആര്‍ഭാടങ്ങളിലെ അപശകുനമായി , കുബൂസു തിന്നു മെല്ലിച്ച് , വെയിലേറ്റ് കരുവാളിച്ച് ...
ഹാരിസ്, മര്‍മ്മത്തിലേക്ക് നീ എറിഞ്ഞ്ത് കല്ലല്ല, തുളച്ചു കേറുന്നൊരബ് !!

Muhammed Sageer Pandarathil പറഞ്ഞു...

അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ലളിതമായ വാക്കുകളില്‍ ഇത്രക്ക് തീക്ഷ്ണമായ കവിത...

കരീം മാഷ്‌ പറഞ്ഞു...

കണ്ടില്ലത്രനാളും
കുറ്റമല്ല കവിയുടെ!
കണ്ടു ഞാൻ ഇന്നു മാത്രം.
കാണേണ്ടിയില്ലന്നു തോന്നിയാദ്യം.
ഉറക്കം കെടുത്തിയ കവിയെ
ഞെരിച്ചു കൊല്ലാനാദ്യം തോന്നി.
കൈകൾ പിടികൂറ്റിയതെന്റെ
കഴുത്തിൽ തന്നെയായിരുന്നാദ്യവും അവസാനവും.

sandhu പറഞ്ഞു...

വൈകി വായിക്കാന്‍ തുടങ്ങിയതില്‌ വിഷമമുണ്ട്. പഴയതൊക്കെ കുത്തിയിരുന്നു വായിച്ചിട്ടു തന്നെ കാര്യം!

ഏറനാടന്‍ പറഞ്ഞു...

നായയെ പോലെ ജീവിക്കുന്നതിനു പകരം ഒരു നാള്‍ എങ്കില്‍ ഒരു നാള്‍ നരിയെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവന്‍ പ്രവാസി. കവിത മനസ്സില്‍ തറച്ചു കയറി കുടിയേറി സുഹൃത്തേ..

വിനയന്‍ പറഞ്ഞു...

ആഴത്തില്‍ തറച്ചുകയറുന്ന മുള്ളുപോലെ 'അനുഭവിപ്പിക്കുന്ന' എഴുത്ത്.

എല്ലാ ഭാവുകങ്ങളും

Unknown പറഞ്ഞു...

എന്തൊരു കുര ....

സുനൈദ്‌ സി മുഹമദ് പറഞ്ഞു...

നന്നായി , ഇഷ്ടായി