09 നവംബർ 2011

കുടിയേറ്റക്കാരനായ ഒരു മിഡില്‍ ക്ലാസ് റബ്ബര്‍ മരം

ചെറു ചെടികളുടെ സൂര്യനെയപഹരിക്കും
ചെറുചില്ലകളിലെ കിളിക്കൂടുകളുടയ്ക്കും
ആര്‍ത്തിപെരുക്കും വേരുകളാല്‍
ആര്‍ദ്രതയാവോളം ഊറ്റിക്കുടിക്കും
അകക്കാമ്പില്ലാതെ തടിക്കും,തിമര്‍ക്കും.
എന്റെ മണ്ണേയെന്നു വിലപിക്കും
ചെറുചെടികളെ പരിഹസിക്കും.

മുകളിലേക്ക് മാത്രം നോക്കി ജീവിക്കും
ഋതുക്കളോട് വിരക്തി പൂണ്‍ടും
മഴയോടും കാറ്റിനോടും ശുണ്ഠിയെടുത്തും
പൂക്കളോടും കിളികളോടും കയര്‍ത്തും
ഒറ്റ ശ്രുതിയിലങ്ങനെ നില്‍ക്കും
അതു തന്നെ ജീവിതമെന്ന് ശഠിക്കും.

കൂട്ടരോട് മാത്രം കൂട്ട് കൂടും
ഒരേ അകലത്തില്‍ നിര്‍ത്തും
വലിച്ചാല്‍ വലിയും
വിട്ടാല്‍ ചുരുങ്ങും,ഭയക്കും
ഏത് വേഷവുമെടുത്തണിയും.
കാല്‍കീഴിലാവട്ടെ, കരിയിലക്കൂമ്പാരം
ഇണചേരുന്ന കറുത്ത തേരട്ടകള്‍,
ഇരുട്ടില്‍ ഓരിയിടും കുറക്കന്മാര്‍.
.
.
.
ഓര്‍ക്കുക മരമേ,
ഒടുവിലവര്‍ നിന്നെയും വെട്ടിവീഴ്തും
പ്രപഞ്ച നന്മക്കുതകാത്തതൊക്കെയും
പട്ട് പോകുന്നതിന്‍ മുന്‍പേ വെട്ടിമാറ്റുമെന്നത്
കാല നീതിസാരത്തിന്നുതകുമെങ്കിലും
വാഴ്വിന്‍ ഗര്‍‌വ്വും ഗരിമയും ശമിച്ച്
അന്ത്യയാത്രക്ക് കിടത്തിയ നിന്നെക്കാണുകില്‍
രണ്ട് തുള്ളി കണ്ണീരെന്റെയുള്ളിലുറവിടുന്നു.
റബ്ബറേ,നീയുമൊരു മരമല്ലേ..?

4 അഭിപ്രായങ്ങൾ:

faisu madeena പറഞ്ഞു...

കവിത ഇഷ്ട്ടപ്പെട്ടു

പാമരന്‍ പറഞ്ഞു...

Ah, missed it!

ഹാരിസ് പറഞ്ഞു...

സമീപകാലത്ത് മധ്യേഷ്യയിലെ ഏകാധിപതികള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന കൊടും‌പതനത്തിന്റെ പശ്ചാത്തലത്തില്‍, അവരുടെ അതിഭീകരമായ അന്ത്യനാളുകളുടെ ഓര്‍മ്മയിലാണ് ഇത് എഴുതാനിരുന്നത്.
പിന്നീടത്, മധ്യവര്‍ഗ്ഗ ഉപഭോഗ ജീവിതത്തിന്റെ ഏകശ്രുതിയാര്‍ന്ന ജീവിതരതിയിലേക്കും എവിടെ നിന്നോ വന്ന് നമ്മുടെയൊക്കെ ജീവിതത്തെ മുച്ചൂടും പരിഗ്രസിച്ചടിമയാക്കി, പലതാളസമൃദ്ധിയില്‍ ഉത്സവമാവേണ്ടിയിരുന്ന ജീവിതത്തിന്റെ നീര്‍‌വലിച്ചു കുടിച്ച് തടിച്ചു കൊഴുത്ത്, ഒടുവില്‍, അഴുകിപ്പോയാലും അടുത്തവന് പോലും ഉപകാരപ്പെടാത്ത വിധം നിഷ്ഫലമായിപ്പോകുന്ന ജീവിതങ്ങളാക്കി നമ്മെ മാറ്റുന്ന പുതുകാല ജീവിതദര്‍ശനങ്ങളും പിന്നിട്ട്......കവിത എങ്ങോട്ടാണ് ഒഴുകി നീങ്ങുന്നതെന്നറിയാതെ,ഞാന്‍ വളര്‍ന്നപ്പോള്‍ എന്റെ വീടിന് ചുറ്റും ആകാശം മുട്ടി നിന്നിരുന്ന റബ്ബര്‍ മരങ്ങളുടെ ഇരുളില്‍ ചെന്നു നില്‍ക്കുന്നു.

Robin Paul പറഞ്ഞു...

"മധ്യവര്‍ഗ്ഗ ഉപഭോഗ ജീവിതത്തിന്റെ ഏകശ്രുതിയാര്‍ന്ന ജീവിതരതിയിലേക്കും എവിടെ നിന്നോ വന്ന് നമ്മുടെയൊക്കെ ജീവിതത്തെ മുച്ചൂടും പരിഗ്രസിച്ചടിമയാക്കി, പലതാളസമൃദ്ധിയില്‍ ഉത്സവമാവേണ്ടിയിരുന്ന ജീവിതത്തിന്റെ നീര്‍‌വലിച്ചു കുടിച്ച് തടിച്ചു കൊഴുത്ത്, ഒടുവില്‍, അഴുകിപ്പോയാലും അടുത്തവന് പോലും ഉപകാരപ്പെടാത്ത വിധം നിഷ്ഫലമായിപ്പോകുന്ന ജീവിതങ്ങളാക്കി നമ്മെ മാറ്റുന്ന പുതുകാല ജീവിതദര്‍ശനങ്ങളും പിന്നിട്ട്......കവിത എങ്ങോട്ടാണ് ഒഴുകി നീങ്ങുന്നതെന്നറിയാതെ,ഞാന്‍ വളര്‍ന്നപ്പോള്‍ എന്റെ വീടിന് ചുറ്റും ആകാശം മുട്ടി നിന്നിരുന്ന റബ്ബര്‍ മരങ്ങളുടെ ഇരുളില്‍ ചെന്നു നില്‍ക്കുന്നു "

ഹാരിസ്ക്കാ‍..ഇതുഷാറായിട്ടുണ്ട്..കവിതയിൽ മറ്റൊരു കവിത..റോബിൻ പോൾ.