26 ജനുവരി 2012

പത്മരാജ്യം

പാതിരാവില്‍
സോളമന്‍
അങ്ങകലെ എവിടെയോ ഉള്ള
തന്റെ മുന്തിരിത്തോട്ടത്തില്‍ നിന്നും
ലോറിയോടിച്ചു വരുന്നു.
അമ്മച്ചിയെ കണ്ട്
അതിരാവിലെ തന്നെ
മടങ്ങിപ്പോകുന്നു.
അമ്മച്ചി
കണ്ണു മറയുവൊളം
അവനെ നോക്കി നില്‍ക്കുന്നു
മറ്റൊരു ലോറിയില്‍
അവന്റെ അപ്പച്ചന്‍
മുറ്റത്ത് വന്നിറങ്ങുന്നു.


മഴ പെയ്യുന്ന ജനാലക്കരികിലിരുന്ന്
ജയകൃഷ്ണന്‍
ക്ലാരയ്ക്കൊരു കത്തെഴുതുന്നു.
മഴത്തുള്ളി വീണ്
ആ കത്ത് നനയുന്നു.
കത്തില്‍, ക്ലാരയുടെ
പാതി വിടര്‍ന്ന
നനഞ്ഞ ചുണ്ടുകള്‍ തെളിയുന്നു.
രാധയും ക്ലാരയും എന്തോ സ്വകാര്യം പറഞ്ഞ്
ആര്‍ത്ത് ചിരിക്കുന്നു,പിന്നെ
ആരെങ്കിലും കേട്ടോ എന്ന് ഭയന്ന്
ചുറ്റും നോക്കുന്നു.
ആരും കേട്ടില്ലെന്നുറപ്പാക്കി
വീണ്ടും പൊട്ടിച്ചിരിക്കുന്നു.
കൂടെ പൊട്ടിച്ചിരിക്കുന്നു
ഇരുവരുടേയും മൂക്കുത്തികള്‍.


പഴയൊരു തറവാടിന്റെ നടുമുറ്റത്ത്
സക്കറിയ നില്‍ക്കുന്നു
അകത്തേക്ക് കയറിയിരിക്കാന്‍
മാളുവമ്മ പറയുന്നു
ദേവകി തൂണും ചാരി നിന്ന് കുണുങ്ങുന്നു
ദേവകിയുടെ മുക്കുത്തി വെയില്‍ തട്ടി പ്രകാശിക്കുന്നു
അകത്തു നിന്ന്
ഗൊപിയും ബിലാലും പൊട്ടിച്ചിരിക്കുന്നു
നമുക്ക് ചീട്ട് കളിക്കാമെന്ന് പറഞ്ഞ്
സക്കറിയ ദേവകിയെ പിടിച്ചിരുത്തുന്നു
അവര്‍ ചീട്ടു കളിക്കുന്നതും നൊക്കി
കാരണവര്‍ മുറുക്കാന്‍ ചെല്ലം തുറക്കുന്നു
നാരായണനും ഭാസ്കരമേനോനും മൂപ്പനും
അവരവരുടെ വീട്ടിലിരുന്ന്
ചീട്ട് കളിക്കുന്നു
മുറുക്കി നീട്ടി
മുറ്റത്തേക്കു
ആഞ്ഞു തുപ്പുന്നു.

ഭാമ ഉറങ്ങിക്കിടക്കുന്നു
കന്യകയുടെ ഉറക്കത്തേക്കാള്‍
പ്രലോഭനീയമായ മറ്റെന്തുണ്ട് എന്ന് വ്യാകുലപ്പെട്ട്
ഒരു യുവാവ്
തന്റെ മുറിക്കുള്ളില്‍ അക്ഷ്മനായി ഉലാത്തുന്നു
അവന്‍, ഒരു
ഗനന്ധറ്‌വനാകാന്‍ മൊഹിക്കുന്നു
അവന്‍ ഒരു ഗന്ധര്‍‌വനായി മാറുന്നു
ആരുമറിയാതെ അവളുടെ ഉറക്കറയില്‍
പ്രവെശിക്കുന്നു
അവളുടെ മുക്കുത്തി
നക്ഷ്ത്രം പൊലെ പ്രകാശിക്കുന്നു.

ആകാശത്ത് നിന്ന് അടര്‍ന്ന് പോയ ഒരു നക്ഷത്രം
എന്റെ മേല്‍ പതിക്കുന്നു
എന്റെ ഉറക്കം ഞെട്ടുന്നു,കണ്ണ് മിഴിക്കുന്നു
അരികില്‍ ചായക്കപ്പുമായി രാധ നില്‍ക്കുന്നു
ഞാനില്ലാത്ത മറ്റൊരു സ്വപ്നം കൂടി
നീ കണ്‍ടു തീര്‍ത്തിട്ടുണ്ടാവുമെന്ന് കുശുമ്പു പറയുന്നു
മോനുണര്‍ന്ന് കരയാതെ നോക്കണെ എന്നും പറഞ്ഞ്
അടുക്കളയിലേക്ക് നടക്കുന്നു.

15 ജനുവരി 2012

പക്ഷം

മാങ്ങയല്ല
അണ്ടിയാവാം മൂത്തത്
എന്നാണെന്റെ പക്ഷം
എന്താണാവോ അങ്ങനെ തോന്നാന്‍..?
എന്തോ
അങ്ങനെ തോന്നുന്നു എന്നു മാത്രമറിയാം.

ഹോ,എന്തെങ്കിലുമാകട്ടെ
ഞാന്‍ അണ്ടിയുടെ പക്ഷത്താണ്.
ഇനി
അതിന് ഉപോദ്ബലകമായി
ചില തെളിവുകള്‍ കൂടി
കണ്ടെത്തേണ്ടിയിരിക്കുന്നു.