15 ജനുവരി 2008

ദോശ ചുടുന്നത്...പ്രണയകവിത..!

മംഗളവും മനോരമയും സമാസമം.
നെരൂദയോ,
അതില്ലെങ്കില്‍ ചുള്ളിക്കാടോ
പാകത്തിന്.
ചങ്ങമ്പുഴ അര ട്ടീ സ്പൂണ്‍.
ഇവയെല്ലാം ചേര്‍ത്ത്
ഉടലിന്റെ രാപ്പനിപ്പാത്രത്തില്‍
നന്നായി കുഴച്ചെടുക്കണം.


കുഴക്കുമ്പോള്‍,
‘അറിയുന്നു രാധികേ,
നിന്നെ ഞാനിന്നെന്റെ
നിറവാര്‍ന്നൊരോര്‍മ്മതന്‍’
എന്ന അയ്യപ്പപ്പണിക്കര്‍ കവിത
മൂളിക്കൊണ്ടിരിക്കണം.
നന്നായി കുഴഞ്ഞ് കിട്ടും.


എരുവല്‍‌‌പം കൂടുതല്‍
വേണ്ടവര്‍ക്ക്
അല്പം സാറാ ജോസഫ്
ചേര്‍ക്കുന്നതില്‍ തെറ്റില്ല.


ഇനി വേണ്ടത്
ദോശ ചുടാന്‍
നന്നായി പൊള്ളിയ
ഒരു കല്ലാണ്.
സ്വൊയം പൊള്ളിയതോ
ആരെങ്കിലും പൊള്ളിച്ചതോ
ആവട്ടെ. സാരമില്ല.


കല്ലു കിട്ടിയാല്‍
പിന്നെ താമസിക്കരുത്.
ആദ്യത്തെ ഒഴിക്കലില്‍ തന്നെ
ഒരു ശീല്‍കാരമുണ്ടാകും
പേടിക്കരുത്.
പേടിയുള്ളവര്‍
ഒരുകാലത്തുംദോശ ചുടില്ല.


ചൂടു പിടിച്ചു വരുമ്പോള്‍
മറിച്ചിടണം.
അടി മുതല്‍ മുടി വരെ
വേവണ്ടേ...?


നന്നായി വെന്തെന്ന്
ബോധ്യമായാല്‍
പിന്നെ,കൈ കൊണ്ട്
തൊടരുത്.
വിരല് പൊള്ളും.

വെന്ത ദോശകള്‍
ഒരു പാത്രത്തില്‍
അടച്ചു വെക്കാം.
ഓര്‍ക്കുക.
അടച്ചു തന്നെ വെക്കണം.
ഇല്ലെങ്കില്‍ അജിത കേറി നക്കും.

സമര്‍പ്പണം:ഇനിയും പ്രണയ കവിതകള്‍
കാച്ചുന്ന യുവാക്കള്‍ക്കും വയോവൃദ്ധര്‍ക്കും.